പ്രതിഷേധങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ കുത്തനെ ഉയര്‍ത്തിയ ഫീസ് കുറച്ച് പുതുക്കിയ ഫീസ് നിശ്ചയിച്ച് കാര്‍ഷിക സര്‍വകലാശാല.ഡിഗ്രി കോഴ്സിനെ 24,000 രൂപയായിരിക്കും ഒരു സെമസ്റ്ററിനുള്ള ഫീസ്. നേരത്തെ ഇത് 48,000 രൂപയായി വര്‍ധിപ്പിച്ചിരുന്നു
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ കുത്തനെ ഉയര്‍ത്തിയ ഫീസ് കുറച്ച് പുതുക്കിയ ഫീസ് നിശ്ചയിച്ച് കാര്‍ഷിക സര്‍വകലാശാല. ഇന്ന് ചേര്‍ന്ന കാര്‍ഷിക സര്‍വകലാശാല എക്സിക്യൂട്ടീവ് യോഗമാണ് ഫീസ് പുതുക്കി നിശ്ചയിച്ചത്. ഡിഗ്രി കോഴ്സിനെ 24,000 രൂപയായിരിക്കും ഒരു സെമസ്റ്ററിനുള്ള ഫീസ്. നേരത്തെ ഇത് 48,000 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതാണ് 24,000 ആയി കുറച്ചത്. പിജി കോഴ്സുകള്‍ക്കുള്ള സെമസ്റ്റര്‍ ഫീസ് 29,000 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. പിജി കോഴ്സുകളുടെ സെമസ്റ്റര്‍ ഫീസ് 49,500 രൂപയാക്കിയായിരുന്നു നേരത്തെ വര്‍ധിപ്പിച്ചിരുന്നത്. പിഎച്ച്ഡി കോഴ്സുകള്‍ക്ക് 30,000 രൂപയായിരിക്കും പുതുക്കിയ സെമസ്റ്റര്‍ ഫീസ്. നേരത്തെ ഇത് 49,900 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരുന്നത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഫീസ് വര്‍ധനവ് കാര്‍ഷിക സര്‍വകലാശാല പിൻവലിച്ചത്. നേരത്തെ ഡിഗ്രി -16,265, പിജി-23,655, പിഎച്ച്ഡി -25,875 എന്നിങ്ങനെയായിരുന്നു സെമസ്റ്റര്‍ ഫീസ് ഈടാക്കിയിരുന്നത്. ഈ ഫീസ് ഇരട്ടിയോളം വര്‍ധിപ്പിച്ചതാണ് കടുത്ത പ്രതിഷേധങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്ന് ബിരുദ കോഴ്സുകളുടെ വര്‍ധിപ്പിച്ച ഫീസിൽ 50ശതമാനവും പിജി കോഴ്സിന്‍റേത് 40ശതമാനവും കുറയ്ക്കാൻ തീരുമാനിക്കുകായിരുന്നു. തുടര്‍ന്നാണിപ്പോള്‍ പുതുക്കിയ ഫീസ് സര്‍വകലാശാല എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.



