മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും പത്നി കമലയും ചേർന്ന് അതിഥികളെ സ്വീകരിച്ച വിരുന്നിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളിലാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേര്‍ന്നാണ് വിരുന്നിലേക്കെത്തിയ വിശിഷ്ടാതിഥികളെ സ്വീകരിച്ചത്. എം എല്‍ എ മാര്‍, സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ വിരുന്നിൽ പങ്കെടുത്തു. നേരത്തെ റംസാൻ ഒന്നിന് തുടങ്ങിയ നോമ്പിനും ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ആത്മനിയന്ത്രണത്തിന്റെയും സഹാനുഭൂതിയുടെയും ത്യാഗത്തിന്റെയും മാസമായ റമദാൻ ആരംഭിക്കുന്ന ഈ വേളയിൽ നോമ്പിനായി തയ്യാറെടുക്കുന്ന എല്ലാ സഹോദരങ്ങൾക്കും ആശംസകൾ എന്നായിരുന്നു പിണറായി ഫേസ്ബുക്കിൽ കുറിച്ചത്.

യുഎഇയിൽ 4 ദിവസം ചെറിയ പെരുന്നാൾ അവധി
അതിനിടെ ഗൾഫിൽ നിന്നുള്ള വാർത്ത യു എ ഇയിൽ നാല് ദിവസം വരെ നീളുന്ന ചെറിയ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു എന്നതാണ്. സർക്കാർ ജീവനക്കാർക്കൊപ്പം സ്വകാര്യ മേഖലക്കും ഞായറാഴ്ചയടക്കം നാല് ദിവസത്തെ അവധി ലഭിക്കും. സർക്കാർ ജീവനക്കാർക്ക് അവധി മാർച്ച് 19 ന് വ്യാഴാഴ്ച്ച തുടങ്ങും. മാർച്ച് 22 ഞായർ വരെയാണ് അവധി. തിങ്കളാഴ്ച്ച മുതൽ ഓഫീസുകൾ സാധാരണ നിലയിലാകും. സ്വകാര്യ മേഖലയിലും മാർച്ച് 19 വ്യാഴാഴ്ച്ച അവധി തുടങ്ങും. എന്നാൽ മാർച്ച് 21 ശനിയാഴ്ച്ച വരെയാണ് അവധി. ഞായർ മിക്കയിടത്തും അവധിയായതിനാൽ ഫലത്തിൽ സ്വകാര്യ മേഖലയിലുള്ളവർക്കും ഞായർ കൂടി ചേർത്ത് നാല് ദിവസം അവധി ലഭിക്കും. നോമ്പ് മുപ്പതും ലഭിക്കുകയാണെങ്കിൽ സ്വകാര്യ മേഖലയുടെ പ്രഖ്യാപിത അവധി ഞായർ വരെ നീളും.


