ഡാറ്റ ചോർച്ച വിവാദത്തിൽ വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി കത്തയച്ചത് ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർക്ക്. പേര്, വയസ്, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളാണ് തേടിയതെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്
തിരുവനന്തപുരം: ഡാറ്റ ചോർത്തൽ വിവാദത്തിൽ കൂടുതൽ വ്യക്തത നൽകുന്ന വിവരങ്ങൾ പുറത്ത്. കെ-സ്‌മാർട്ടിലുള്ളവരുടെ വിവരങ്ങൾ തേടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി കത്തയച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരള മിഷൻ ചീഫ് ഡയറക്ടർക്കാണ് കത്തയച്ചത്. കെ-സ്‌മാർട്ടിൽ രജിസ്റ്റർ ചെയ്തവരുടെ പേര്, വയസ്, വാർഡ്, ഫോൺ നമ്പർ അടക്കം വിവരങ്ങൾ തേടിയാണ് കത്ത് അയച്ചത്. കെ-സ്‌മാർട്ടിന് കീഴിലെ 936 സേവനങ്ങളിലായി രജിസ്റ്റർ ചെയ്‌തവരുടെ വിവരങ്ങളാണ് തേടിയത്. ഐടി വകുപ്പിനും ഇൻഫർമേഷൻ കേരള മിഷനുമാണ് സര്‍ക്കാരിന്‍റെ ഐടി സേവനങ്ങളുടെ മേൽനോട്ടമുള്ളത്.
നേരത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളുള്ള സ്‌പാർക് സോഫ്റ്റ്‌വെയറിൽ നിന്നാണ് ഡാറ്റ ചോർത്തിയതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ഇതിനേക്കാൾ വളരെയേറെ വ്യാപ്തിയുള്ള അതീവ ഗുരുതരമായ ഡാറ്റ ചോർത്തലാണ് നടന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കെ-സ്മാർട്ടിലെ വിവിധ സേവനങ്ങളിലായി രജിസ്റ്റർ ചെയ്ത ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് ഇൻഫർമേഷൻ കേരള മിഷൻ്റെ പക്കലുള്ളത്. ഈ വിവരങ്ങൾ ചോർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സാധൂകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ഡാറ്റ ചോർത്തൽ നടന്നതെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ചോർത്തൽ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയായി നിയോഗിക്കപ്പെട്ട ശ്രീറാം സാംബശിവ റാവുവാണ് കത്തയച്ചതെന്നും വെളിപ്പെടുത്തി.


