ജവാന്റെ അതേ രീതിയിലുള്ള ഉൽപാദന പ്രക്രിയയിലൂടെയാണ് മലബാർ ഡിസ്റ്റിലറിയിൽ നിന്നും ബ്രാൻഡി ഉൽപാദിപ്പിക്കുന്നത്. ത്രീ ലൈൻ ശേഷിയുള്ള പ്ലാന്റിൽ പ്രാരംഭ ഘട്ടത്തിൽ ഒരു ലൈനിൽ നിന്നും 500 എംഎല്ലിന്റെ 3500 കെയ്സ് മദ്യം പ്രതിദിനം ഉൽപാദിപ്പിക്കാനാകും.
പാലക്കാട്: സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന്റെ ഉൽപാദനത്തിനായി ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് സജ്ജം. 75000 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ‘ജവാനു’ ശേഷം സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന ബ്രാൻഡി ‘മിന്നൽ മാജിക്കി’ന്റെ ഉൽപാദനമാണ് ഇവിടെ നടക്കുക. ത്രീ ലൈൻ സ്വയം നിയന്ത്രിത ബോട്ടിലിങ് പ്ലാന്റ് സജ്ജമാകുന്നതോടെ ദിവസം 13,500 കെയ്സ് വീതം (108000 ലീറ്റർ) മദ്യം ഉൽപ്പാദിപ്പിക്കാനാകുമെന്ന് അധികൃതർ പറയുന്നു. അര ലീറ്ററിന്റെ ബോട്ടിലാണ് വിപണിയിലിറക്കുക. ഏറെ പ്രചാരത്തിലുള്ള 'ജവാൻ' റം ബ്രാൻഡുമായി അധികം വ്യത്യാസമില്ലാത്ത വിലയാവും പുതിയ മദ്യത്തിനെന്നാണ് വിവരം.
1952ലാണ് ചിറ്റൂർ സഹകരണ പഞ്ചസാര ഫാക്ടറി അഥവാ ചിക്കോപ്സ് സ്ഥാപിക്കപ്പെട്ടത്. 1974 ൽ പഞ്ചസാരയുടെ ഉപോത്പന്നമായ മൊളാസസിൽ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുന്ന ഡിസ്റ്റിലറിയും ഇവിടെ സ്ഥാപിച്ചു. 1996 ലെ ചാരായ നിരോധനം മൂലം കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 2000 ൽ പഞ്ചസാര ഉത്പാദനവും, 2001 ൽ സ്പിരിറ്റ് നിർമ്മാണവും അവസാനിപ്പിച്ചു. തുടർന്ന് സർക്കാർ നടപ്പിലാക്കിയ പദ്ധതി പ്രകാരം 536 തൊഴിലാളികൾ പിരിഞ്ഞുപോയി. 2007 ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിലാണ് ചിറ്റൂർ ഷുഗേഴ്സിനെ സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിക്കാനും, സ്ഥലവും കെട്ടിടവും ഉപയോഗിച്ച് വിദേശമദ്യ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും തീരുമാനിച്ചത്. ഇങ്ങനെ 2009 ൽ മലബാർ ഡിസ്റ്റിലറീസ് എന്ന സർക്കാർ സ്ഥാപനം ആരംഭിച്ചു.
സർക്കാർ മേഖലയിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ നിന്നും നിർമിക്കുന്ന ജവാന്റെ അതേ രീതിയിലുള്ള ഉൽപാദന പ്രക്രിയയിലൂടെയാണ് മലബാർ ഡിസ്റ്റിലറിയിൽ നിന്നും ബ്രാൻഡി ഉൽപാദിപ്പിക്കുന്നത്. ബിവറേജസ് കോർപ്പറേഷന്റെ മാനേജ്മെന്റിന് കീഴിലുള്ള മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ മദ്യ നിർമ്മാണ യൂണിറ്റിന് ചെലവാകുന്ന മുഴുവൻ തുകയും ബെവ്കോയാണ് ഏറ്റെടുത്തിട്ടുള്ളത്. കൂടാതെ ചിക്കോപ്സിന്റെ മുഴുവൻ ബാധ്യതയും ബെവ്കോ ഏറ്റെടുത്തിട്ടുണ്ട്. പൂർണ്ണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ത്രീ ലൈൻ ശേഷിയുള്ള പ്ലാന്റിൽ പ്രാരംഭ ഘട്ടത്തിൽ ഒരു ലൈനിൽ നിന്നും 500 എംഎല്ലിന്റെ 3500 കെയ്സ് മദ്യം പ്രതിദിനം ഉൽപാദിപ്പിക്കാനാകും.
മദ്യം ഉൽപാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തിൽ മലമ്പുഴ ഡാമിൽ നിന്നാണ് എത്തിക്കുന്നത്. പ്രതിദിനം ഒരു ലക്ഷത്തിലധികം ലീറ്റർ വെള്ളമാണ് ആവശ്യമായി വരിക. പിന്നീടു വെള്ളം മഴവെള്ള സംഭരണി വഴി കണ്ടെത്താനാണ് ആലോചന. ഇതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മലബാർ ഡിസ്റ്റിലറിയിൽ നേരിട്ടും അല്ലാതെയുമായി 250 ഓളം പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ 125 ഓളം കുടുംബശ്രീ പ്രവർത്തകർക്ക് ബോട്ട്ലിംഗ് യൂണിറ്റിലാകും ജോലി.
ലഭ്യമായ ബാക്കി സ്ഥലം ഉപയോഗിച്ച് ഭാവിയിൽ പഴവർഗങ്ങളിൽ നിന്നും മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കാനും ബെവ്കോയ്ക്ക് പദ്ധതിയുണ്ട്. ചിക്കോപ്സിൽ നിലവിലുണ്ടായിരുന്ന 101 തൊഴിലാളികളെ അതെ സേവനവേതനവ്യവസ്ഥകളോടെ മലബാർ ഡിസ്റ്റിലറീസിൽ നിയമിച്ചു. കഴിഞ്ഞ ജൂലൈ 7ന് നിർമാണോദ്ഘടനം നിർവഹിച്ച പ്രവൃത്തികളാണ് ഇപ്പോൾ പൂർത്തീകരണത്തിലേക്ക് എത്തുന്നത്. മലബാർ ഡിസ്റ്റിലറീസിൽ മൂന്ന് ബോട്ട്ലിംഗ് ലൈൻ ആണ് സ്ഥാപിക്കുന്നത്. നിലവിൽ തിരുവല്ല ട്രാവൻകൂർ ഡിസ്റ്റിലറിയിൽ നാല് ലൈനാണ് ഉള്ളത്.


