കേരള മന്ത്രിസഭ അംഗീകാരം നൽകിയ നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ മുൻ മന്ത്രി കെ സി ജോസഫ് രംഗത്ത്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കേന്ദ്രത്തിന്റെ പൗരത്വ അജണ്ടയെ സഹായിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
കോട്ടയം: നിര്‍ദ്ദിഷ്ട നേറ്റിവിറ്റി കാര്‍ഡ് ബിൽ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ സി ജോസഫ് .ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാൻ ഇടയുള്ളതാണ് ബിൽ. കേരളം ഒരു സ്വതന്ത്ര രാഷ്ട്രമല്ലെന്ന് പിണറായി സര്‍ക്കാര്‍ മനസിലാക്കണം. പൗരത്വ രേഖ കര്‍ശനമാക്കാൻ ഒരുങ്ങുന്ന ബിജെപി സര്‍ക്കാരിന്റെ വാദഗതികള്‍ക്ക് സഹായകരമാകുന്നതാണ് നേറ്റിവിറ്റി കാര്‍ഡ്. ഇത് കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളുടെ ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടാനേ നേറ്റിവിറ്റി കാര്‍ഡ് വഴി തെളിക്കൂവെന്നും കെ സി ജോസഫ് പ്രസ്താവനയിൽ വിമര്‍ശിച്ചു.
കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് അംഗീകാരം
കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില്‍ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല.
നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും ( വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും. കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. സർക്കാർ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഏതെല്ലാം സാഹചര്യങ്ങളിൽ മറ്റ് രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാവുന്നതാണ് എന്ന് സർക്കാരിന് വിജ്ഞാപനമിറക്കാവുന്നതാണ്.
നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജില്ലാ കളക്ടര്‍ക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാല്‍ കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസം നല്‍കാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാടില്ല.
എസ്ഐആര്‍ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക അകറ്റാനായാണ് നേറ്റിവിറ്റി കാര്‍ഡെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉറപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി കാര്‍ഡ് ഫലപ്രദമായ രേഖയാകുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പൗരത്വവും പൗരത്വ കാര്‍ഡും നൽകാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഈ സാഹചര്യത്തിൽ ബിൽ പാസ്സാക്കിയാലും അതിന് ഗവര്‍ണര്‍ അംഗീകാരം നൽകുമോയെന്നത് നിര്‍ണായകമാണ്.


