സേനയിലെ അച്ചടക്കം തുടർച്ചയായി ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടുന്നത്. പത്തനംതിട്ട എസ്പിയുടേതാണ് നടപടി.

കോഴിക്കോട്: സസ്പെൻഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ട ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു. സേനയിലെ അച്ചടക്കം തുടർച്ചയായി ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടുന്നത്. പത്തനംതിട്ട എസ്പി ആണ് നടപടി സ്വീകരിച്ചത്.

സർവീസിലിരിക്കുമ്പോഴും സസ്പെൻഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ഉണ്ടായെന്ന് വിവിധ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടകം പല തവണ സസ്പെൻഷൻ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് ഏറെ കാലമായി സസ്പെൻഷനിൽ കഴിയുകയായിരുന്നു. മൂന്ന് തവണ സസ്പെൻഷൻ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് സംസ്ഥാനത്തെ പൊലീസ് സേനയിലെ ഉന്നതരെയും പൊലീസ് സംവിധാനത്തെയും നിരന്തരം വിമർശിക്കുന്നയാളാണ്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഇദ്ദേഹം വിധേയനായിരുന്നു.