കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചു

ആലപ്പുഴ: കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചു. വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയിൽ ആദ്യമായി ജീവനുള്ള ആനകൾക്ക് പകരം അത്യാധുനികമായ ഈ ബദൽ സംവിധാനം ഏർപ്പെടുത്തിയത്. പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമാണ് റോബോട്ടിക് ആനകളെ കൈമാറിയത്. 'നീലംകുളങ്ങര വിഷ്ണുദാസൻ', 'ഓംകാരേശ്വരം രാമസേനാപതി' എന്നീ പേരുകളിലറിയപ്പെടുന്ന ഈ ഗജവീരന്മാരെ പൂർണ്ണമായ ആചാരങ്ങളോടെയാണ് ക്ഷേത്രസമിതികൾ ഏറ്റുവാങ്ങിയത്.

ചാലക്കുടിയിലെ ഫോർ ഹീആർട്സ് ക്രിയേഷൻസ് ആർട്ടിസ്റ്റ് പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തിൽ ഫൈബറും റബ്ബറും ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്. പത്തടി ഉയരവും 500 കിലോ ഭാരവുമുള്ള ഈ ആനകളുടെ കണ്ണുകൾ, ചെവികൾ, തുമ്പിക്കൈ, വാൽ എന്നിവ തന്മയത്വത്തോടെ ചലിക്കും. എഴുന്നള്ളത്ത് സമയത്ത് നാല് പേർക്ക് വരെ ഇവയുടെ പുറത്ത് കയറാൻ സാധിക്കും. പാരമ്പര്യവും ആചാരപ്പൊലിമയും ഒട്ടും ചോർന്നുപോകാതെ തന്നെ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ സംവിധാനം സഹായിക്കും. കഴിഞ്ഞ പത്ത് മാസത്തിനിടെ കേരളത്തിൽ 20 ആനകൾ ചരിഞ്ഞ സാഹചര്യത്തിലാണ് ഇത്തരം ഒരു മാറ്റത്തിന് പ്രസക്തിയേറുന്നത്. ആനയിടയുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും പാപ്പാന്മാരുടെ ദാരുണ അന്ത്യവും ഒഴിവാക്കാൻ റോബോട്ടിക് ആനകൾ വലിയൊരു പരിഹാരമാണ്.

സുരക്ഷയ്ക്കും ധാർമ്മികതയ്ക്കും മുൻഗണന നൽകിക്കൊണ്ട്, ആനകളെയും വെടിക്കെട്ടിനെയും ഒഴിവാക്കാൻ ഞങ്ങൾ തീരുമാനമെടുത്തു, " എന്ന് നീലംകുളങ്ങര ക്ഷേത്ര സമിതി പ്രസിഡന്റ് പി ആർ പുരുഷൻ വ്യക്തമാക്കി. ഓംകാരേശ്വരം ക്ഷേത്ര സമിതി പ്രസിഡന്റ് എൻ ആർ സുരേന്ദ്രനും ഈ നൂതന സംരംഭത്തെ സ്വാഗതം ചെയ്തു. നേരത്തെ തൃശ്ശൂർ ചക്കംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലും സമാനമായ രീതിയിൽ റോബോട്ടിക് ആനയെ വിഎഫ്എഇ. എസ് കൈമാറിയിരുന്നു. മൃഗങ്ങളോടുള്ള കാരുണ്യവും മനുഷ്യരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന ഈ മാതൃക വരും കാലങ്ങളിൽ കൂടുതൽ ക്ഷേത്രങ്ങൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

YouTube video player