മണ്ണെണ്ണയുടെ വില വർധന പ്രാബല്യത്തിലായതോടെ മത്സ്യ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയില്‍. മത്സ്യ ലഭ്യത കുറഞ്ഞതിനൊപ്പം ഇന്ധന വിലയും വർധിച്ചതോടെ വെട്ടിലായിരിക്കുകയാണ് മേഖല
കൊച്ചി: മണ്ണെണ്ണയുടെ വില വർധന പ്രാബല്യത്തിലായതോടെ മത്സ്യ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയില്‍. മത്സ്യ ലഭ്യത കുറഞ്ഞതിനൊപ്പം ഇന്ധന വിലയും വർധിച്ചതോടെ വെട്ടിലായിരിക്കുകയാണ് മേഖല. മണ്ണെണ്ണയുടെ വില 52.37 രൂപ വർധിച്ച് 103 രൂപയിൽ നിന്ന് 155.37 രൂപയായി. കേരളത്തിൽ സർക്കാർ അംഗീകാരം ലഭിച്ച 14,342 എൻജിനുകൾക്ക് മത്സ്യഫെഡിന്റെ പമ്പുകൾ വഴി പ്രതിമാസം 140 മുതൽ 190 ലീറ്റർ വരെ മണ്ണെണ്ണ സബ്സിഡി നിരക്കിൽ ലഭിക്കുന്നുണ്ട്.
വില വർധന പ്രാബല്യത്തിലായതോടെ 50 തൊഴിലാളികൾ വരെ പ്രവർത്തിക്കുന്ന ഒരു ഇൻബോർഡ് വള്ളത്തിന് ഈ ഇനത്തിൽ പ്രതിദിനം ശരാശരി 40,000 രൂപ ചെലവാകുന്നുവെന്നാണ് കണക്കാക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ ഏതാനും ദിവസങ്ങൾക്ക് മാത്രമേ മതിയാകുന്നുള്ളൂ, ബാക്കി കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്ന് മത്സ്യബന്ധന ബോട്ടുടമകൾ പറയുന്നു.
ഇൻബോർഡ് എൻജിൻ യാനങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന ഔട്ട്ബോർഡ് കാരിയർ വള്ളങ്ങൾക്ക് 40 എച്ച്പിയുടെ 3 യൂണിറ്റുകൾ വരെ ആവശ്യമാണ്. 40 എച്ച്പിയുടെ ഒരു യൂണിറ്റിന് മണിക്കൂറിൽ കുറഞ്ഞത് 20 ലീറ്റർ എങ്കിലും മണ്ണെണ്ണ വേണ്ടി വരും. ചൂട് കൂടിയതോടെ മത്സ്യങ്ങൾ 50 മീറ്ററിലേറെ ആഴമുള്ള ഭാഗങ്ങളിലേക്ക് മാറുന്നതിനാൽ തീരദേശ മേഖലയിൽ പ്രവർത്തിച്ചിരുന്ന പരമ്പരാഗത യാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതും ഇന്ധന ചെലവ് വർധിപ്പിക്കുന്ന ഘടകമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
മണ്ണെണ്ണ സബ്സിഡി 25 രൂപ ആയിരുന്നത് സമീപകാലത്ത് 50 രൂപയാക്കി. എന്നാൽ വില വർധന വന്നതോടെ ഇതിന്റെ പ്രയോജനം മത്സ്യ തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നാണ് അഭിപ്രായം. കേന്ദ്രവും സംസ്ഥാനവും മത്സ്യബന്ധന മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്, സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി യേശുദാസ് പറപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.



