കൊച്ചി മേയർ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. എ, ഐ ഗ്രൂപ്പുകൾ രംഗത്ത്. കോർപ്പറേഷൻ കോർ കമ്മിറ്റിയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ കെപിസിസി മേയറെ പ്രഖ്യാപിക്കും.

കൊച്ചി: കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൽ കടുത്ത അഭിപ്രായ ഭിന്നത. കൗൺസിലർമാരെ ഗ്രൂപ്പ് തിരിഞ്ഞ് സ്വാധീനിക്കുകയാണ് നേതാക്കൾ. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിനായി എ ഗ്രൂപ്പ് ഒന്നിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കമാണ്. കൗൺസിലർമാരുടെ പിന്തുണയിൽ നേരിയ മുൻതൂക്കം ഷൈനി മാത്യുവിനാണ്. ദീപ്തിയും മിനിമോളും ഒപ്പത്തിനൊപ്പമെന്നും സൂചന. ചില കൗൺസിലർമാർ ആരുടെയും പേര് പറഞ്ഞില്ല.

ജില്ലയിലെ ഗ്രൂപ്പ് നേതാക്കൾ കൗൺസിലർമാരുടെ അഭിപ്രായം തേടിയ രീതിയിലും പാർട്ടിക്കുള്ളിൽ അമർഷുണ്ട്. ദീപ്തിയുടെ പാർട്ടിയിലെ സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.മേയർ സ്ഥാനം മൂന്ന് ടേമായി പങ്കിടുന്നതും ആലോചനയിലുണ്ട്. നിർണായക ചർച്ച ഇന്ന് വൈകിട്ട് നടക്കും. കോർപ്പറേഷൻ കോർ കമ്മിറ്റിയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ കെപിസിസി മേയറെ പ്രഖ്യാപിക്കും.

ലത്തീന്‍ വിഭാഗത്തില്‍ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, വ്യക്തമായ ഭൂരിപക്ഷമുളള സാഹചര്യത്തില്‍ സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്.