തൃശൂര്‍ കോടശ്ശേരിയില്‍ വനഭൂമിയില്‍ സ്ഥാപിച്ച കുരിശിന്റെ തറയിലെ മെറ്റല്‍ വനപാലകര്‍ നീക്കം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചതോടെ മണിക്കൂറുകളോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു
തൃശൂര്‍: കുരിശ് സ്ഥാപിച്ച തറയുടെ മെറ്റല്‍ നീക്കം ചെയ്ത വനപാലകരുടെ നടപടി വിവാദത്തിൽ. കോടശ്ശേരി മാരാംങ്കോട് സെന്റ് ജോസഫ് പള്ളിയുടെ വനഭൂമിയില്‍ നില്‍ക്കുന്ന കുരിശ് സ്ഥാപിച്ച തറയുടെ മെറ്റലാണ് നീക്കം ചെയ്തത്. നടപടിക്കെതിരെ വിശ്വാസികള്‍ രംഗത്തെത്തി. വാഹനത്തില്‍ കയറ്റികൊണ്ടുപോയ കരിങ്കല്‍ മെറ്റല്‍ തിരികെ കൊണ്ടുവന്നിടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
മെറ്റല്‍ മാറ്റിയ സ്ഥലത്ത് വിശ്വാസികള്‍ കോണ്‍ക്രീറ്റ് നടത്താന്‍ ശ്രമിച്ചത് പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമാക്കി. ചാലക്കുടി ഡിവൈഎസ്പി, ചാലക്കുടി ഡിഎഫ്ഒ എന്നിവര്‍ ഇടപെട്ട് പ്രശ്‌നം താത്കാലികമായി രമ്യതയിലെത്തിച്ചു. തിങ്കള്‍ പകല്‍ 11ഓടെയാണ് ചട്ടിക്കുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി കുരിശിനടിയിലെ മെറ്റല്‍ നീക്കം ചെയ്തത്. പകുതിയോളം മെറ്റൽ വാഹനത്തില്‍ കയറ്റി പോയതോടെ വിശ്വാസികള്‍ രംഗത്തെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കേറ്റവും ബഹളവും കയ്യാങ്കളിയുടെ വക്കിലെത്തി. പള്ളിയില്‍ കൂട്ടമണിയടിച്ചതോടെ കൂടുതല്‍ വിശ്വാസികള്‍ സ്ഥലത്തെത്തി. പ്രശ്‌നം സംഘര്‍ഷാവസ്ഥയിലെത്തിയതോടെ മെറ്റല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചു.
വിവരമറിഞ്ഞ് കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണന്‍, സിപിഎം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി. കെ പി തോമസ്, ടോമി കളമ്പാടന്‍ എന്നിവര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മുന്‍ പള്ളി വികാരിയുടെ പേരിലുള്ള 88 സെന്റ് സ്ഥലത്തിന് പട്ടയത്തിനായി നൽകയ അപേക്ഷ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായതാണെന്നുമാണ് വിശ്വാസികളുടെ വാദം. ഇത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് ഉദ്യോഗസ്ഥര്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കേസുകളെടുക്കില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്കിയതോടെയാണ് പ്രശ്‌നത്തിന് താത്കാലിക അയവ് വന്നത്.


