മോഷ്ടിച്ച പിക്കപ്പ് വാന്‍ ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്ത യുവാവ് സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു

കോഴിക്കോട്: മോഷ്ടിച്ച പിക്കപ്പ് വാന്‍ ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്ത യുവാവ് സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. കോഴിക്കോട് വെളിമണ്ണയിലാണ് സംഭവം. ഈ പ്രദേശത്തുകാരന്‍ തന്നെയായ അബ്ദുല്‍ റാസിഖ് എന്ന യുവാവാണ് നാടിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു മണിയോടെ താമരശ്ശേരി ചുങ്കത്തുനിന്ന് ഇയാള്‍ പിക്കപ്പ് വാനുമായി കടന്നുകളഞ്ഞു.

പിന്നീട് പുലര്‍ച്ചെ രണ്ടരയോടെ വാഹനവുമായി വെളിമണ്ണയില്‍ എത്തിയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത് ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കുന്നതിനിടെ റാസിഖ് ഇവിടെ നിന്നും രക്ഷപ്പെട്ടു. വാഹനവുമായി ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോള്‍ പമ്പിലെത്തിയ ഇയാള്‍ പിക്കപ്പ് വാനിന്റെ ടയറുകള്‍ നശിച്ചതിനെ തുടര്‍ന്ന് വാഹനം ഇവിടെ ഉപേക്ഷിച്ചു. മറ്റൊരു വാഹനം ഇവിടെ നിന്നും എടുത്താണ് റാസിഖ് രക്ഷപ്പെട്ടത്. ഈ വാഹനം ഇയാളുടെ വീടിന്റെ പോര്‍ച്ചില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അതിക്രമം നടത്തിയത് അബ്ദുല്‍ റാസിഖാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

YouTube video player