കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഒന്‍പത് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര, നാദാപുരം മണ്ഡലങ്ങളില്‍ വിമതരായി മത്സരിക്കാന്‍ തീരുമാനിച്ചവരും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
കോഴിക്കോട്: വിമതരായി മത്സരിച്ചവര്‍ ഉള്‍പ്പെടെ ഒന്‍പത് നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി. കോഴിക്കോട് നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ ഉത്തരവ് പുറത്തുവിട്ടത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര, നാദാപുരം മണ്ഡലങ്ങളില്‍ വിമത ശബ്ദം ഉയര്‍ന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
വടകര മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന പി. ശ്യാംരാജ് കുരിയാടി, നാദാപുരം മണ്ഡലം സെക്രട്ടറി പത്മകുമാര്‍, വടകരയിലെ മണ്ഡലം നേതാക്കളായ വി.ടി വിനീഷ്, എ.വി ഗണേശന്, നാദാപുരം മണ്ഡലം നേതാക്കളായ രവി വെള്ളൂര്‍, പി.പി രാജന്, പി.കെ ബിജീഷ്, നാണു മഞ്ചക്കല്‍, ഇ.കെ ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഇവരില്‍ ശ്യാംരാജ് വടകര മണ്ഡലത്തിലും പത്മകുമാര്‍ നാദാപുരം മണ്ഡലത്തിലും വിമത സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.
എന്നാല്‍ ശ്യാംരാജിന്റെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോവുകയും ചെയ്തു. ഏറെ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് പ്രതീക്ഷ വച്ചുപുലര്‍ത്തിയ മണ്ഡലങ്ങളിലുണ്ടായ വിമത പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ക്ഷീണത്തിലാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവരെയും അവര്‍ക്കായി പ്രവര്‍ത്തിച്ചവരെയുമാണ് സംസ്ഥാന അധ്യക്ഷന്റെ തീരുമാനപ്രകാരം ഇപ്പോള്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
