ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നുമാണ് സതീശൻ പറയുന്നത്. മന്ത്രിയുടെ അടുത്ത് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും പൊലീസ് പണിപ്പെട്ടാണ് ആരോഗ്യ മന്ത്രിയെ നിയന്ത്രിച്ചത്, ആരോഗ്യ മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്. മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ് അവർ. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. ഇപ്പോൾ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്. സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്. സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളിയാവാൻ പാടില്ലായിരുന്നു. ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞു. ഇതിലൊന്നും ഭയന്ന് പിന്മാറില്ല. ജനകീയമായ പ്രതിഷേധങ്ങൾ ഞങ്ങൾ നടത്തും എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ, എല്‍ഡിഎഫ് നടത്തിയ മൂന്ന് ജാഥകൾ പൊളിഞ്ഞു പോയെന്നും അത് മനസ്സിലായപ്പോൾ പുതുയുഗ യാത്രയെ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വീണ ജോർജ് അക്രമിക്കപ്പെട്ടു എന്ന് നുണ പറയുകയാണ്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പച്ചക്കള്ളമാണ് പറഞ്ഞത്. എംവി ഗോവിന്ദൻ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. ആരോഗ്യ മന്ത്രിയുടെ പിടലി തിരിച്ചു എന്ന് പച്ചക്കള്ളം പറഞ്ഞത് ഗോവിന്ദനാണ്. അക്രമത്തിന് ആഹ്വാനം ചെയ്തതിന് പാർട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണം. സ്പീക്കർ തന്‍റെ പദവി മറന്ന് പഴയ എസ്എഫ്ഐകാരൻ ആയി എന്നും വിഡി സതീശൻ പറഞ്ഞു.

മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്നാണ് സിപിഎം ആരോപിക്കുന്നത്. വീണാ ജോര്‍ജിന്‍റെ കഴുത്തിന്റെ വലതു ഭാഗത്താണ് പരിക്കുള്ളതെന്നും കഴുത്ത് അനക്കാൻ ആകുന്നില്ലെന്നുംമാണ് എംവി ജയരാജൻ പ്രതികരിച്ചത്. മന്ത്രി നിന്നിരുന്നതിന്‍റെ വലതു ഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player