കോൺഗ്രസിലെ വ്യാജ കത്ത് വിവാദത്തിൽ കെ സുധാകരന്റെ അനന്തരവൻ അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തു. ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും വ്യാജമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അജിത് കുമാർ വിശദീകരിച്ചു. സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാർത്ത വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ: കോൺഗ്രസിലെ കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരന്റെ അനന്തരവൻ അജിത് കുമാർ. ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് വ്യക്തികൾക്ക് ഫോർവേഡ് ചെയ്തതാണെന്നും വ്യാജ കത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രതികരണം. കെ സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാർത്ത വരുന്നതെന്നും കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പിൽ അജിത് കുമാർ വിശദീകരിച്ചു. കേസിൽ അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിലാണ് വ്യാജ കത്തിറങ്ങിയത്. സണ്ണി ജോസഫ് എഐസിസിക്ക് അയച്ചത് എന്ന പേരിലാണ് കത്ത് പ്രചരിച്ചത്. കണ്ണൂരിൽ കെ സുധാകരനെ മത്സരിപ്പിച്ചാൽ വിജയ സാധ്യത കുറവാണ്, അതിനാൽ ടി ഒ മോഹനനെ നിർദേശിക്കുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കെ സുധാകരന്റെ അവസരം ഇല്ലാതാക്കിയത് സണ്ണി ജോസഫാണ് എന്ന വികാരം ഇതോടെ സുധാകരൻ അനുകൂലികൾക്കിടയിലുണ്ടായി. കത്ത് വ്യാജമാണെന്ന് സണ്ണി ജോസഫ് അന്നു വ്യക്തമാക്കിയിരുന്നു.
തുടർന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്. കോണ്ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അബ്ദുൾ ഖാദർ, കെ ജെ ജോസഫ് എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. കത്ത് അയച്ചു തന്നത് കെ സുധാകരന്റെ അനന്തരവൻ അജിത് കുമാറാണ് ഈ കത്ത് വാട്സ് ആപ്പിൽ അയച്ചു തന്നതെന്ന് ഇരുവരും ചോദ്യംചെയ്യലിൽ പറഞ്ഞു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തത്.

