ഉദയംപേരൂരില് അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു. കൊല്ലം സ്വദേശിയാണ്.
കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഡോക്ടർമാർ വഴിയരികിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ലിനു ആണ് മരിച്ചത്. വഴിയരികിൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവഡോക്ടർമാർക്ക് പൊതുസമൂഹത്തിൽ നിന്നടക്കം വലിയ കൈയ്യടികളാണ് ഉയരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഉദയംപേരൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കൊല്ലം സ്വദേശി ലിനുവിന് ഗുരുതര പരിക്കേൽക്കുന്നത്. ലിനുവിന്റെ ജീവൻ രക്ഷിക്കാൻ നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ മൂന്ന് യുവഡോക്ടർമാരുട ശ്രമങ്ങൾ വലിയ ശ്രദ്ധയാണ് നേടിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര അവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ലിനുവിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഒടുവിൽ ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. നാളെ എറണാകുളം ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകും.
സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ലിനു ജോലി ആവശ്യത്തിനായി എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോവും വഴിയാണ് അപകടമുണ്ടായത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട് ലിനുവിന്. പരിക്കേറ്റ് ലിനുവിനെ മരണത്തിന് വിട്ടു കൊടുക്കാതെ ധൈര്യത്തോടെ പോരാടിയ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ ബി മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപ്തരിയിലെ ഡോ തോമസ് പീറ്റവും ഡോ ദിദിയ കെ തോമസും പൊലീസ് നൽകിയ ബ്ലോഡും സ്ട്രോയും ഉപകരണങ്ങളായി നാട്ടുകാർ ഒരുക്കിയ മൊബൈൽ വെളിച്ചത്തിലാണ് സാഹസികമായ ശസ്ത്രക്രിയ നടത്തിയത്. ഇങ്ങനെ ശ്വാസകോശത്തിൽ നിന്ന് മണ്ണും രക്തവും നീക്കിയതോടെ ആശുപത്രി വരെ ജീവൻ നിലനിർത്തി. യുവആരോഗ്യപ്രവർത്തകർ നടത്തിയ സ്തുത്യർഹ സേവനത്തെ ഗവർണറും പ്രതിപക്ഷ നേതാവും കേരള ജനതയും മനസ്സറിഞ്ഞ് അഭിനന്ദിച്ചു. അസാധാരണ ശ്രമങ്ങൾക്ക് ഫലം കാണുമെന്ന പ്രതീക്ഷ മാത്രം തെറ്റി.

