ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി കോളുകളും സന്ദേശവും വന്നുകൊണ്ടിരിക്കുന്നു. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ചാണ് പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥ് മരിച്ചത്.
പത്തനംതിട്ട: ലോൺ ആപ്പിൻ്റെ കെണിയിൽപ്പെട്ട് യുവാവിന്റെ ജീവൻ നഷ്ടമായിട്ടും കുടുംബത്തെ വേട്ടയാടുകയാണ് നിഗൂഢ സംഘം. ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി കോളുകളും സന്ദേശവും വന്നുകൊണ്ടിരിക്കുന്നു. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ചാണ് പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും അവർ പിന്തുടർന്നെത്തിയെന്നാണ് ദേവനാഥിന്‍റെ അച്ഛൻ പറയുന്നത്.
കുടുംബസമേതം മുംബൈയിലായിരുന്നു ദേവനാഥ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിലെ ജോലി ഇടയ്ക്ക് മതിയാക്കി. ആ സമയത്താണ് ലോൺ ആപ്പിന്‍റെ കെണിയിൽപ്പെട്ടത്. വായ്പ എടുത്ത പണത്തിൽ ഏറിയ പങ്കും അടച്ച ശേഷവും ഭീഷണി തുടർന്നു. പിടിച്ചുനിൽക്കാനാകാതെ ജീവനൊടുക്കി എന്നതിന്‍റെ തെളിവുകൾ ഫോണിൽ നിന്ന് കുടുംബത്തിന് കിട്ടിയിരുന്നു. മുംബൈ സൈബർ പൊലീസിന്‍റെ ഉൾപ്പെടെ സഹായത്തോടെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.


