മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പലയിടത്തും വന്‍ ട്വിസ്റ്റ്. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ ഇടതുമുന്നണി തിരിച്ചടി നേരിട്ടപ്പോള്‍ നറുക്കെടുപ്പില്‍ എംബി രാജേഷിന്‍റെ പഞ്ചായത്ത് എല്‍ഡിഎഫിനെ കൈവിട്ടു

കോഴിക്കോട്: മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പലയിടത്തും നാടകീയതയും വന്‍ ട്വിസ്റ്റുകളും. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ ഇടതുമുന്നണി തിരിച്ചടി നേരിട്ടപ്പോള്‍ നറുക്കെടുപ്പില്‍ മന്ത്രി എംബി രാജേഷിന്‍റെ പഞ്ചായത്ത് എല്‍ഡിഎഫിനെ കൈവിട്ടു. എല്‍ഡിഎഫ് അംഗത്തിന്‍റെ വോട്ട് ലഭിച്ചതോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി യുഡിഎഫ് പിടിച്ചു. പാലക്കാട് പെരുങ്ങോട്ട് കുറിശ്ശിയില്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായി. ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പ് എന്‍ഡിഎയെ തുണച്ചു. മൂന്നു പഞ്ചായത്തുകളില്‍ ക്വാറം തികയാത്തതിനെത്തുടര്‍ന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയിലേക്ക് മാറ്റി.

മലബാറിലെ 382 ഗ്രാമപഞ്ചായത്തുകളിലും 61 ബ്ലോക്ക് പഞ്ചായത്തുകളിലും ആറ് ജില്ലാ പഞ്ചായത്തുകളിലുമാണ് പുതിയ ഭരണനേതൃത്വം ചുമതലയേറ്റത്. നറുക്കെടുപ്പ് നടന്ന പലയിടത്തും ട്വിസ്റ്റുകളുണ്ടായി. കോഴിക്കോട് വടകര ബ്ലോക്കില്‍ വന്‍ നായകീയതയാണുണ്ടായത്. ഇരുമുന്നണികള്‍ക്കും ഏഴു വീതം സീറ്റുകളുള്ള ഇവിടെ എല്‍ഡിഎഫിലെ ഒരു വോട്ട് യുഡിഎഫിന് ലഭിക്കുകയായിരുന്നു. ആര്‍ജെഡി അംഗത്തിന്‍റെ വോട്ട് മറിഞ്ഞതോടെ പ്രസിഡന്‍റ് പദവി യുഡിഎഫിന് ലഭിച്ചത്. നറുക്കെടുപ്പില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിന് ലഭിച്ചു. നറുക്കെടുപ്പിലൂടെ മൂടാടി പഞ്ചായത്ത് അധ്യക്ഷ പദവി എല്‍ഡിഎഫിന് ലഭിച്ചങ്കിലും ഇടത് അംഗത്തിന്‍റെ അസാധുവായ വോട്ട് റിട്ടേണിങ് ഓഫീസര്‍ സാധുവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. ഇതിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വം നിയമനടപടികള്‍ ആരംഭിച്ചു. പേരാമ്പ്ര ബ്ലോക്കിലെ അധ്യക്ഷ ഉപാധ്യക്ഷ പദവി നറുക്കെടുപ്പില്‍ യുഡിഎഫിനെ തേടിയെത്തി. 

കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്‍റെ പഞ്ചായത്തിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടു. സീറ്റ് നില തുല്യമായിരുന്ന മുണ്ടേരി പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി യുഡിഎഫിന് ഭരണം പിടിച്ചു. വോട്ടെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതോടെ പ്രസിഡണ്ടായി മുസ്ലിം ലീഗിലെ സികെ റസീന തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പും യുഡിഎഫിനെയാണ് തുണച്ചത്. നറുക്കെടുപ്പില്‍ മലപ്പുറം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ഉപാധ്യക്ഷ പദവികള്‍ എൽഡിഎഫിന് ലഭിച്ചു. അതേസമയം തിരുവാലി പഞ്ചായത്തില്‍ ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് മറ്റന്നാളേക്ക് മാറ്റി. സ്ഥാനം സംബന്ധിച്ച് ലീഗ് കോണ്‍ഗ്രസ് തര്‍ക്കത്തെത്തുടര്‍ന്ന് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

ക്വാറം തികയാത്തതിനാല്‍ കാസര്‍കോട് പുല്ലൂർ - പെരിയ പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റി. അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തർക്കമാണ് യുഡിഎഫ് അംഗങ്ങൾ എത്താതിരിക്കാൻ കാരണം. ഉദുമയിലും ട്വിസ്റ്റ് നടന്നു. യുഡിഎഫ് പ്രസിഡൻറ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായി. നറുക്കെടുപ്പില്‍ അധ്യക്ഷ പദവി എല്‍ഡിഎഫിനെ തുണച്ചു. നറുക്കെടുപ്പില്‍ ബദിയടുക്ക പഞ്ചായത്ത് ഭരണം എൻഡിഎ പിടിച്ചു. യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു ഇവിടെ ബലാബലം. വയനാട് പൂതാടി പഞ്ചായത്തിൽ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. വോട്ടെടുപ്പിൽ യുഡിഎഫിന്‍റെ പ്രസിഡൻറ് സ്ഥാനാർത്ഥിയുടെ തന്നെ വോട്ട് അസാധുവായി .ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചു. ഒരു വോട്ട് അസാധുവായതോടെ മൂപ്പൈനാട് പഞ്ചായത്തിലും എല്‍ഡിഎഫ് തിരിച്ചടി നേരിട്ടു. 

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ 60 വർഷത്തിന് ശേഷം കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി. സിപിഎം വിമത എൽഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫ് -ഐ‍ഡിഎഫ് സഖ്യം ഭരണത്തിലെത്തിയത്. അധ്യക്ഷപദവി രണ്ടര വര്‍ഷം വീതം സിപിഎമ്മും എവി ഗോപിനാഥിന്‍റെ ഐഡിഎഫും പങ്കിട്ടെടുക്കും. മന്ത്രി എംബി രാജേഷിന്‍റെ പഞ്ചായത്തായ ചളവറയിൽ പതിറ്റാണ്ടുകൾക്കു ശേഷം ഭരണം യുഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം ലഭിച്ചത്. കോൺഗ്രസിലെ സന്ധ്യ സുരേഷ് ആണ് പ്രസിഡന്റ്‌ ആയത്.

YouTube video player