കോഴിക്കോട് താമരശ്ശേരിയിൽ മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ ഫൈനാന്‍സ് ജീവനക്കാര്‍ കുത്തിപ്പരിക്കേൽപ്പിച്ചു. അബ്ദുറഹ്മാന് എന്നയാൾക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട്: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കത്തികൊണ്ട് കുത്തിയതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാ(41)നാണ് കുത്തേറ്റത്. സംഭവത്തില്‍ ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍(28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി കൊയപ്പുറത്ത് അഭിനന്ദ്(28), എരഞ്ഞിക്കല്‍ കണ്ടത്തില്‍ അഖില്‍ (27) എന്നിവരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
നെഞ്ചിനു നേരെയുള്ള കുത്ത് വലതു കൈ കൊണ്ട് തടഞ്ഞതിനാല്‍ കൈക്ക് ആഴത്തില്‍ മുറിവേറ്റ അബ്ദുറഹ്മാനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് അബ്ദുറഹ്മാനെ രക്ഷപ്പെടുത്തിയത്.
കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും ടിവിഎസ് ഫൈനാന്‍സ് വഴി 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് അബ്ദുറഹ്മാന് വാങ്ങിയത്. 2302 രൂപയാണ് ഓരോ മാസവും തിരിച്ചടവായി നിശ്ചയിച്ചത്. മൂന്നാമത്തെ അടവ് ഈ മാസം രണ്ടിന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ അടവ് മുടങ്ങി. തുടര്‍ന്ന് പ്രതികൾ നിരന്തരം ഫോണിലൂടെ ഭീഷണി മുഴക്കിയതായി അബ്ദുറഹ്മാൻ്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം മറ്റൊരാളുടെ പേരില്‍ ഫോണ്‍ ചെയ്യുകയും താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ബാലുശ്ശേരി റോഡില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ എത്തിയ ഥാര്‍ ജീപ്പിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചു. കുതറിമാറിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും സംഘത്തിലെ ഒരാള്‍ അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയുമായിരുന്നു.


