ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയിൽ. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് എഴുതിയ ഡയറിക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

വൈക്ക് വെളിവിളാകം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അനിൽകുമാര്‍ ,ഭാര്യ ഷീജ, മക്കളായ ആകാശ് ,അശ്വിൻ എന്നിവരാണ് മരിച്ചത്. അനില്‍കുമാര്‍ കാര്‍ഷിക സഹകരണ ബാങ്കിലെ സീനിയര് ക്ലാര്‍ക്കാണ്. ഭാര്യ ഷീജ നിയമസഭയിലെ താല്ക്കാലിക ജീവനക്കാരിയും. മക്കള്‍ ബിടെക്ക്, ഐടിഐ വിദ്യാര്‍ത്ഥികളാണ്.

ഇന്നലെ വൈകിട്ട് മുതൽ വീട്ടിൽ വെളിച്ചം ഇല്ലാത്തത് അയൽക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നു.രാവിലെ ഒന്‍പത് മണി കഴിഞ്ഞിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വീട്ടിലെ ഹാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. തിരുവനന്തപുരം റൂറൽ എസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.