മറ്റത്തൂർ കൂറുമാറ്റ വിവാദത്തിൽ അനുനയത്തിന് തയ്യാറായി കോൺ​ഗ്രസ് വിമതർ. കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ അറിയിച്ചു.

തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തില്‍ പാര്‍ട്ടിയുമായി അനുനയത്തിന് ശ്രമിച്ച് കോണ്‍ഗ്രസ് വിമതര്‍. പുറത്താക്കപ്പെട്ട ഡിസിസി സെക്രട്ടറി ടി.എം.ചന്ദ്രന്‍റെ നേതൃത്വത്തില്‍ എട്ട് പഞ്ചായത്ത് അംഗങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി. കെപിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദേശ പ്രകാരമാണ് റോജി വിമതരുമായി ചര്‍ച്ച നടത്തിയത്. ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഒരു അംഗം പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും ചര്‍ച്ചയില്‍ ടിഎം ചന്ദ്രനും കൂട്ടരും റോജിയോട് പറഞ്ഞു. സിപിഎമ്മിനെ പഞ്ചായത്ത് ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ സ്വതന്ത്രനെ പ്രസിഡന്‍റാക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ റോജിയെ അറിയിച്ചു. പാര്‍ട്ടി പറയുന്ന എന്ത് കാര്യവും നടപ്പാക്കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഡിസിസിയുമായി കൂടിയാലോചന നടത്തിയ ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് റോജി അറിയിച്ചു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming