14 കാരന്‍റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകിയെന്നും ഒടുവിൽ കൈ വളഞ്ഞു പോയെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നം ഉണ്ടായത്. 

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന പരാതിയുമായി 14കാരൻ്റെ കുടുംബം.14 കാരന്‍റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകിയെന്നും ഒടുവിൽ കൈ വളഞ്ഞു പോയെന്നും കുടുംബം ആരോപിക്കുന്നു. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നം ഉണ്ടായത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി. ഓർത്തോ മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു. 

തൻസീറിന്റെ ഒടിഞ്ഞ കൈയ്യിൽ നവംബറിലാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ പ്ലാസ്റ്റർ ഇട്ടിരുന്നു. ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു കുടുംബം. സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിയുടെ കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട് രം​ഗത്തെത്തി. ചികിത്സാ പിഴവ് അല്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു. കുട്ടികളുടെ ചില കേസുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ചികിത്സാവേളയിലെ എക്സ്-റേയിൽ ഉൾപ്പെടെ കുഴപ്പമില്ലായിരുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചെയ്ത ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കൽ കോളേജിലും ചെയ്യാമെന്ന് ഉറപ്പ് നൽകിയതാണ്. പക്ഷേ കുടുംബം സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

YouTube video player