കണ്ണൂർ ധർമ്മശാലയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് വീണ്ടും തകരാറിലായി. താനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു.
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു. നേരത്തെ, കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു.
ചടങ്ങിൽ വിവിധ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. ലൈഫ് പദ്ധതി സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവ് 21,000 കോടി രൂപയാണെന്നും അതിൽ 2,300 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിന്റെ സംഭാവന വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016ൽ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നും അതിന് പരിഹാരം കാണാൻ വേണ്ടിയാണ് ഹരിത കേരള മിഷൻ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ സംസ്ഥാനത്ത് നല്ല മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.


