ഫിദ ഫാത്തിമയുടെ അഭ്യർഥന മാനിച്ച് മന്ത്രി എം.ബി. രാജേഷ് തൃത്താലയിലെ തകർന്ന റോഡ് നന്നാക്കി നൽകി. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തതോടെ ഫിദയുടെ ദുരിതം നിറഞ്ഞ സ്കൂൾ യാത്രയ്ക്ക് പരിഹാരമായി.
തൃത്താല: ഇനി മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുമോ എന്ന പേടിയില്ല, ചെളിയിൽ വഴുതി വീഴുമെന്ന ആശങ്കയുമില്ല. പെരുമ്പിലാവ് അൻസാർ സ്പെഷ്യൽ സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥിനിയും തൃത്താല സ്വദേശിനിയുമായ ഫിദ ഫാത്തിമയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് പോകാം. തന്റെ അഭ്യർഥന കണക്കിലെടുത്ത് വീടിന് മുന്നിലെ തകർന്ന റോഡ് നന്നാക്കി നൽകിയ മന്ത്രി എംബി രാജേഷിനോടുള്ള നന്ദിയിലാണ് ഈ കുഞ്ഞു മിടുക്കിയും കുടുംബവും.
ഓട്ടിസം ബാധിതയായ ഫിദയ്ക്ക് സ്കൂളിലേക്കുള്ള യാത്ര എന്നും വലിയ വെല്ലുവിളിയായിരുന്നു. വീടിന് മുന്നിലെ കണ്ടയംതോട് ലിങ്ക് റോഡ് ശോചനീയാവസ്ഥയിലായതോടെ മഴക്കാലത്ത് റോഡ് മുഴുവൻ വെള്ളവും ചെളിയും നിറയും. ദുരിതം നിറഞ്ഞ ഈ യാത്രയെക്കുറിച്ച് ഫിദ തന്നെ നേരിട്ടെത്തി മന്ത്രി എംബി രാജേഷിനോട് പരാതി പറഞ്ഞിരുന്നു. ഫിദയെ ചേർത്തുപിടിച്ച്, ആ റോഡ് താൻ നന്നാക്കിത്തരാമെന്ന് അന്ന് മന്ത്രി വാക്ക് നൽകി. ആ വാഗ്ദാനമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
മന്ത്രി എം.ബി. രാജേഷിന്റെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. 100 മീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്ത് ഫിദയ്ക്കും നാട്ടുകാർക്കുമായി ഒരുക്കിയത്. റോഡ് യാഥാർഥ്യമായതോടെ ഫിദയുടെ വീടിനു മുന്നിലെ കാൽനടയാത്രയും വാഹനയാത്രയും സുഗമമായി.
തൃത്താല സെന്ററിൽ പച്ചക്കറി കച്ചവടം നടത്തുന്ന സലീം കേലശ്ശേരിയുടെയും സുലൈഖയുടെയും മകളാണ് ഫിദ. തന്റെ കുഞ്ഞിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇടപെട്ട മന്ത്രിയോടുള്ള സന്തോഷത്തിലാണ് ഈ കുടുംബം. ഫിദയുടെ സഹോദരങ്ങളായ രണ്ടാം ക്ലാസ് വിദ്യാർഥിനിഫാത്തിമ ഫിൽസ്, ബിബി എ വിദ്യാർഥി മുഹമ്മദ് സാജിദ് എന്നിവരും നാട്ടുകാരും ഈ മാറ്റത്തിന്റെ സന്തോഷം പങ്കുവെക്കുന്നു.


