മൊബൈൽ സ്ക്രീൻ ഗാര്‍ഡിൽ അണലി കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മൊബൈൽ ഷോപ്പ് ഉടമ.ഇന്നലെ രാവിലെ കട തുറന്നപ്പോഴാണ് പാമ്പിനെ കണ്ടതെന്ന് മൊബൈൽ ഷോപ്പ ഉടമ റയിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കണ്ണൂര്‍: മൊബൈൽ സ്ക്രീൻ ഗാര്‍ഡിൽ അണലി കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മൊബൈൽ ഷോപ്പ് ഉടമ. കണ്ണൂര്‍ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈൽ ഷോപ്പിലാണ് ഇന്നലെ രാവിലെ മൊബൈൽ ഫോണിന്‍റെ സ്ക്രീൻ ഗാര്‍ഡിന്‍റെ പശയിൽ പറ്റിപ്പിടിച്ച നിലയിൽ അണലി കുഞ്ഞിനെ കണ്ടെത്തിയത്. മൊബൈലിൽ നിന്ന് ഇളക്കി മാറ്റിയ സ്ക്രീൻ ഗാര്‍ഡിന്‍റെ പശയിൽ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു അണലി കുഞ്ഞ്. ഇന്നലെ രാവിലെ കട തുറന്നപ്പോഴാണ് പാമ്പിനെ കണ്ടതെന്ന് മൊബൈൽ ഷോപ്പ ഉടമ റയിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ മൊബൈൽ ഫോണിന്‍റെ സ്ക്രീൻ ഗാര്‍ഡ് മാറ്റി നൽകിയിരുന്നു. മാറ്റിയ സ്ക്രീൻ ഗാര്‍ഡ് കടയ്ക്കുള്ളിൽ താഴെ വീണുകിടക്കുകയായിരുന്നു. രാവിലെ കട തുറന്നശേഷം നോക്കുമ്പോഴാണ് താഴെ വീണുകിടന്നിരുന്ന സ്ക്രീൻഗാര്‍ഡിന്‍റെ പശയിൽ ഒട്ടിപ്പിടിച്ച് നിലയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടത്. ഉടനെ തന്നെ സ്ക്രീൻ ഗാര്‍ഡ് അടക്കം പുറത്തേക്ക് ഇടുകയായിരുന്നു. പാമ്പിന് നീങ്ങാൻ കഴിഞ്ഞിരുന്നില്ല. 

അണലിയെ കൊല്ലാൻ പാടില്ലെന്നും മൂന്നുവര്‍ഷം ജയിലിൽ കിടക്കേണ്ടിവരുമെന്നും ആളുകള്‍ പറഞ്ഞു. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. പശയിൽ പറ്റിപ്പിടിച്ചു കിടന്നതിനാലാണ് കട തുറക്കുമ്പോള്‍ ജീവനക്കാരും താനും കടിയേൽക്കാതെ ദൈവത്തിന്‍റെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതെന്നും റയിസ് പറയുന്നു. വനംവകുപ്പ് സ്നേക് റെസ്ക്യൂവര്‍ എത്തി വെളിച്ചണ്ണയും മറ്റും ഉപയോഗിച്ച് പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് സ്ക്രീൻ ഗാര്‍ഡിൽ നിന്ന് വേര്‍പ്പെടുത്തിയത്. ഇതിനുശേഷം പാമ്പിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഏകദേശം ഒരു വയസ് പ്രായമുള്ള പാമ്പ് കുഞ്ഞാണെന്നാണ് വനംവകുപ്പ് പറഞ്ഞത്. അര മീറ്ററോളം നീളമുണ്ടായിരുന്ന അണലി കുഞ്ഞ് സ്ക്രീൻ ഗാര്‍ഡിൽ കുരുങ്ങിയ നിലയിലായിരുന്നുവെന്നും സംഭവത്തിനുശേഷം ആകെ ഭയത്തിലായിരുന്നുവെന്നും റയിസ് പറഞ്ഞു. ഇതിന് മുമ്പ് കടയുടെ പുറത്ത് നിന്ന് പാമ്പിനെ പിടികൂടിയിട്ടുണ്ടെങ്കിലും കടയ്ക്കുള്ളിൽ ഇത്തരത്തിൽ ആദ്യമായാണ് പാമ്പിനെ കണ്ടെത്തുന്നതെന്നും ഗ്ലാസ് ഉപയോഗിച്ച് അടച്ച കടയിൽ എങ്ങനെ കയറിയെന്ന് അറിയില്ലെന്നും റയിസ് പറഞ്ഞു.