നിയമസഭ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ചെറുപ്പക്കാർക്ക് പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ: നിയമസഭ തെരരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യും. ചെറുപ്പക്കാർക്ക് പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുനുള്ള ആഗ്രഹമാണ് മുല്ലപ്പള്ളി തുറന്ന് പറഞ്ഞിട്ടുള്ളത്. തന്‍റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസം നിന്നിട്ടില്ല. കഴിഞ്ഞതവണ മത്സരിക്കാതിരുന്നത് കെപിസിസി അധ്യക്ഷനായത് കൊണ്ടാണ്. ലോക്സഭയിലേക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്, പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കും. വരികൾക്കിടയിൽ നിന്ന് അർത്ഥം വായിച്ചോളൂ എന്നും മുല്ലപ്പള്ളി പറഞ്ഞ മുല്ലപ്പള്ളി എംപിമാർ മത്സരിക്കുന്ന കാര്യം എഐസിസി തീരുമാനിക്കട്ടെ എന്നും കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുസ്ലിംലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സാദിക്കലി തങ്ങൾ വ്യക്തമാക്കി. യു ഡി എഫിൽ മുന്നണി വിപുലീകരണം ആവശ്യമാണ്. എൽ ഡി എഫിലെ അസംതൃപ്തർ യു ഡി എഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ലെന്നും സാദിക്കലി തങ്ങൾ വിവരിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു ഡി എഫിൽ കിട്ടിയ അവസരം മുതലെടുക്കുന്ന രീതി മുസ്ലിം ലീഗിന് ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെടില്ലെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു. സീറ്റുകൾ വച്ച് മാറൽ സംബന്ധിച്ചുള്ള ഒരു ചർച്ചയും യു ഡി എഫിൽ നടന്നിട്ടില്ല. പുറത്തുവരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. നിയമസഭയിൽ മത്സരിക്കാൻ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണെന്നും ഇതുവരെ സ്ഥാനാർത്ഥി നിർണയവും ചർച്ചയായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.