ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞവരുടെ ബന്ധുക്കളുമായി കളക്ടർ യോഗം ചേർന്നു. ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകാൻ തീരുമാനമായി.

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ മരിച്ച നാല് പേരെക്കൂടി തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങൾ ഡി എൻ എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞവരുടെ ബന്ധുക്കളുമായി കളക്ടർ യോഗം ചേർന്നു.

ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകാൻ തീരുമാനമായി. അതേസമയം മുണ്ടത്തിക്കോട് അപകടത്തിൽ 17 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെയും രാകേഷ് എന്ന യുവാവ് ഇന്നും മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.