കായംകുളം മുനിസിപ്പാലിറ്റി 26-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആലുംമൂട്ടിൽ നുജുമുദ്ദീനാണ് അറസ്റ്റിലായത്. സഹകരണ സംഘത്തിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് തട്ടിപ്പ് കേസിൽ മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ. കായംകുളം മുനിസിപ്പാലിറ്റി 26-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആലുംമൂട്ടിൽ നുജുമുദ്ദീനാണ് അറസ്റ്റിലായത്. സഹകരണ സംഘത്തിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
2020 - 2024 കാലയളവിൽ കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കായംകുളം സ്വദേശി നുജുമുദ്ദീന്റെ നേതൃത്വത്തിലുള്ളതാണ് സൊസൈറ്റി. ആദ്യ ഘട്ടത്തില്‍ വ്യാപാരികളിൽ നിന്ന് മാത്രമായിരുന്നു നിക്ഷേപങ്ങൾ സ്വീകരിച്ചത്. ചിട്ടി തുടങ്ങിയതോടെ പൊതുജനങ്ങളിലേക്കും എത്തി. വൻ പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപങ്ങൾ സ്വീകരിച്ചത്. എന്നാൽ നിക്ഷേപ തുകയും, ചിട്ടി അടച്ച തുകയും തിരികെ നൽകാതെ വന്നതോടെ നിക്ഷേപകർ അസ്വസ്ഥരായി. പണം തിരികെ ചോദിച്ചവരെ നുജുമുദ്ദീൻ ഭീഷണിപ്പെടുത്തിയതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകി. കൂടുതൽ പരാതികൾ എത്തിയതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ആറ് കോടി പതിനെട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് സഹകരണ സംഘത്തിനുണ്ടായത് എന്നാണ് കണ്ടെത്തൽ.
നുജുമുദ്ദീൻ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുൾ രജിസ്റ്റർ ചെയ്തു. എന്നാൽ അന്വേഷണം നടക്കുന്നതിനിടെ കായംകുളം മുനിസിപ്പാലിറ്റി 26ആം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് ഇയാൾ ജനപ്രതിനിധിയായി. നിലവിൽ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍ നിന്നായി ഒരു കോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ട്. ചിട്ടിയായും നിക്ഷേപമായും സ്വീകരിച്ച പണം പ്രതികൾ ബിസിനസ് ആവസ്യങ്ങൾക്കായി തിരിമറി നടത്തിയതാണെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ നുജുമുദ്ദീനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
