ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനിലടക്കം എത്തിയവർ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനിലടക്കം എത്തിയവർ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിൻ സർവീസ് സാധാരണ നിലയിൽ തുടരുന്നുണ്ട്.

കൊച്ചിയിൽ പണിമുടക്ക് ആരംഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സ്വകാര്യ ബസ് സർവീസുകൾ നിശ്ചലമായി. മെട്രോ, യൂബർ, ഒരു വിഭാ​ഗം പ്രൈവറ്റ് ടാക്സികൾ ഓട്ടോ എന്നിവ സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാണ്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ഒരു സർവീസും പോയില്ല. ഇന്നലെ വൈകീട്ട് തുടങ്ങിയ സർവീസുകൾ തിരികെ എത്തുന്നു എന്ന് മാത്രമാണുള്ളത്.

പാലക്കാട് പണിമുടക്കിനെ തുടർന്ന് പ്രധാന മാർക്കറ്റുകൾ നിശ്ചലമാണ്. സ്വകാര്യ ബസുകളും രാവിലെ സർവീസുകൾ നടത്തേണ്ടിയിരുന്ന കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. വയനാട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നില്ല. ഇവിടങ്ങളിൽ കടകൾ അടഞ്ഞു കിടക്കുകയാണ്. എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തൃശൂരിലും പണിമുടക്ക് പൂർണ്ണമാണ്. ഇവിടെയും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ല. തൃശ്ശൂർ ഡിപ്പോയിൽ ഒരു ജീവനക്കാരും പണിക്ക് കയറിയിട്ടില്ല. പാലക്കാട് നിന്ന് വന്നുപോയ പാലാ ബസ് മാത്രം സർവീസ് നടത്തിയിരുന്നു. അതേ സമയം, റെയിൽവേസ്റ്റേഷൻ, കെഎസ്ആർടിസി ബസ് എന്നിവിടങ്ങളിൽ എത്തിയ യാത്രക്കാർ വലഞ്ഞു. ബത്തേരിയിലും മാനന്തവാടിയിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ബത്തേരിയിൽ ഐഎൻടിയുസി പ്രവർത്തകരും മാനന്തവാടിയിൽ സിഐടിയു പ്രവർത്തകരും ആണ് വാഹനം തടഞ്ഞത്. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരെ തടഞ്ഞ് സർവീസ് നടത്താൻ അനുവദിച്ചില്ല. സമരക്കാരും ജോലിക്കെത്തിയവരും തമ്മിലുണ്ടായതിനെ തുടർന്ന് ഡിപ്പോയിലേക്കുള്ള വഴി സമരക്കാർ അടച്ചു. കൂടുതൽ വാഹനങ്ങൾ തടയുന്നു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചാണ്, തടഞ്ഞ വാഹനങ്ങൾ കടത്തിവിടാൻ അനുവദിച്ചത്.

ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരു ബസുകളും ഇതുവരെ സർവീസ് നടത്തിയിട്ടില്ല. ജലഗതാഗത വകുപ്പ് ബോട്ടുകളും ഓടുന്നില്ല. കെഎസ്ആർടിസി ഡിപ്പോയിൽ ഏതാനും ജീവനക്കാർ എത്തിയിട്ടുണ്ട്. റോഡിൽ ഇരു ചക്ര വാഹനങ്ങൾ ഓടുന്നുണ്ട്. കടകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന് സർവീസ് തുടങ്ങിയ ബസ് സമര അനുകൂലികൾ തടഞ്ഞു. അങ്കമാലിയിൽ ട്രേഡ് യൂണിയൻ പ്രകടനം നടക്കുന്നതിനിടെ കടന്നുവന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് പ്രവർത്തകർ തടഞ്ഞ് തിരികെ സ്റ്റാന്റിലേക്ക് എടുപ്പിച്ചു. പാലക്കാട് - തമിഴ്നാട് അതിർത്തിയായ ഗോപാലപുരത്ത് ജനജീവിതം സാധാരണ നിലയിലാണ്, കടകൾ തുറന്നു പ്രവർത്തിക്കുകയും വാഹനങ്ങളും നിരത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming