കോഴിക്കോട് ജിഎം യു പി സ്കൂൾ പുതിയങ്ങാടിയിലെ അധ്യാപകരെ സമരാനുകൂലികൾ തടഞ്ഞു. പ്രതിഷേധം കയ്യാങ്കളിയിലാണ് കലാശിച്ചത്.

തിരുവനന്തപുരം/ കോഴിക്കോട്: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. വയനാടും കോഴിക്കോടും അടക്കം പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ബാങ്കുകൾ അടക്കം സ്ഥാപനങ്ങൾ അടപ്പിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സെക്രട്ടറിയേറ്റിൽ 10.6% മാത്രമാണ് ഹാജർ നില. 11 മണി വരെ 494 പേർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയത്. 4600 ലധികം ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. അതേസമയം, കോഴിക്കോട് ജിഎം യു പി സ്കൂൾ പുതിയങ്ങാടിയിലെ അധ്യാപകരെ സമരാനുകൂലികൾ തടഞ്ഞു. സ്കൂളിന്റെ ഗേറ്റിൽ സിഐടിയു പ്രവർത്തകർ കൊടി കുത്തി ഉപരോധിക്കുന്നു. പ്രതിഷേധം കയ്യാങ്കളിയിലാണ് കലാശിച്ചത്. 

രാവിലെ ഒമ്പത് മണിയോടെ പുതിയങ്ങാടി ജി എം യു പി സ്കൂളിൽ എത്തിയ സി ഐ ടി യു പ്രവർത്തകർ സ്കൂളിലെ രണ്ട് ഗേറ്റിലും കൊടി നാട്ടി ഉപരോധം തുടങ്ങി. ഉള്ളിൽ ഉണ്ടായിരുന്ന അധ്യാപകരെ പുറത്താക്കി. പിന്നീട് എത്തിയ അധ്യാപകരെ അകത്തേക്ക് കടത്തി വിട്ടുമില്ല. പിന്നാലെ യുഡിഎഫ് പ്രവർത്തകർ അധ്യാപകർക്ക് പിന്തുണയുമായി എത്തി. ഇതോടെ സമരനുകൂലികൾ ഗേറ്റിൽ നിന്നും പിൻവാങ്ങി അധ്യാപകർക്ക് നേരെ തിരിഞ്ഞു. തുടര്‍ന്ന് അധ്യാപകർക്ക് പിന്തുണയുമായെത്തിയ യുഡിഎഫ് പ്രവർത്തകരും സമരനുകൂലികളും ഏറ്റുമുട്ടി. സ്കൂളിൽ കയറാൻ കഴിയാതെ അധ്യാപകർ മടങ്ങിയതോടെയാണ് സംഘർഷാവസ്ഥ അവസാനിച്ചത്.

സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസിന് സംഘർഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സ്കൂൾ പരിസരത്ത് നിന്നും മടങ്ങാൻ തയ്യാറായ അധ്യാപകരെ സമരാനുകൂലികൾ കൂകി വിളിച്ചാണ് പറഞ്ഞയച്ചത്. അധ്യാപകർ മടങ്ങിയ ശേഷം കൂടുതൽ സന്നഹവുമായി പൊലീസെത്തി സമരനുകൂലികളെ സ്ഥലത്ത് നിന്നും നീക്കി. സംഘർഷത്തിനിടെ സ്ഥലത്തെത്തിയ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയെ കോൺഗ്രസ് പ്രാദേശിക നേതാവ് മർദിച്ചതായി പരാതി ഉയർന്നു. എന്നാൽ കോൺഗ്രസ്‌ പ്രാദേശിക നേതൃത്വം ആരോപണം നിഷേധിച്ചു.