കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ലെന്നും മോഹൻലാലും ആന്റണി പെരുമ്പാവൂരുമായി കാസനോവ എന്ന സിനിമയിലൂടെയാണ് ഗ്രൂപ്പിന് ബന്ധമുണ്ടാകുന്നതെന്നും കുടുംബ സുഹൃത്തുക്കളെ പോലെയാണെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ലെന്നും മോഹൻലാലും ആന്റണി പെരുമ്പാവൂരുമായി കാസനോവ എന്ന സിനിമയിലൂടെയാണ് ഗ്രൂപ്പിന് ബന്ധമുണ്ടാകുന്നതെന്നും കുടുംബ സുഹൃത്തുക്കളെ പോലെയാണെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു. മോഹൻലാലിനോ ആന്റണി പെരുമ്പാവൂരിനോ മറ്റു സിനിമ താരങ്ങള്‍ക്കോ കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമില്ല. ആരും കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ല. പാവം മോഹൻലാൽ ഇത്തരം കാര്യങ്ങളൊന്നും അറിഞ്ഞുപോലും കാണില്ല. കമ്പനികള്‍ക്ക് വായ്പയുമില്ല. അതിനാൽ തന്നെ ആര്‍ക്കും പണം നൽകാനുമില്ല. അപാര്‍ട്ട്മെന്റ് വിൽക്കുമ്പോള് ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്നത് മാത്രമാണുള്ളത്. സെയിൽസ് കളക്ഷനിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്. തങ്ങളെ വിശ്വാസമുള്ളവര്‍ അപാര്‍ട്ട്മെന്റുകള്‍ വാങ്ങാനായി പണം നൽകും. ഭൂമി തരുന്ന ഉടമകള്‍ ഉണ്ട്. കൃത്യമായ കരാര്‍ പാലിച്ചുകൊണ്ടാണ് ബിസിനസ് ചെയ്യുന്നത്.
കമ്പനിയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണ്. ഇക്കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും അന്വേഷിക്കാവുന്നതാണ്. റോയിയുടെ മരണശേഷം സഹോദരൻ നടത്തിയത് വൈകാരിക പ്രതികരണമാണ്. സഹോദരൻ അല്ല റോയിയുടെ കൂടെ നടക്കുന്നത്. സിജെ റോയിയുടെ മരണശേഷം സഹോദരൻ ആദായ നികുതി റെയ്ഡിനെതിരെ രംഗത്തെത്തിയിരുന്നു. സഹോദരന്റെ ആരോപണങ്ങളെല്ലാം ടിഎ ജോസഫ് തള്ളി കളഞ്ഞു. അദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല. സിനിമ താരങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ആന്റണി പെരുമ്പാവൂരിന്റെ പടം വരുമ്പോള്‍ സിജെ റോയിയുടെ പേരടക്കം നൽകുന്നത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്നതാണ്. അവര്‍ തമ്മിൽ വലിയ സൗഹൃദമാണുള്ളത്. ആരുടെയും നിക്ഷേപം കമ്പനിയിൽ എടുക്കില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയുണ്ട്.
കമ്പനിക്ക് കള്ളക്കടത്തോ ബെനാമി ഇടപാടോ നടത്തിയിട്ടില്ല. എന്ത് തെറ്റാണ് ചെയര്മാൻ ചെയ്തത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ ശത്രുക്കളല്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ട്. ഡയറിക്കുറിപ്പ് ഞാൻ വായിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഒരക്ഷരം പോലും വായിച്ചിട്ടില്ല. കുടുംബത്തിന് എഴുതി നൽകിയത് താൻ വായിക്കേണ്ട കാര്യമില്ല. മരണത്തിലെ അന്വേഷണം സംബന്ധിച്ച് ഒന്നും പറയാനാവില്ല. കുടുംബത്തിലും പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നില്ല. ഒരു ദിവസം ആറോളം തവണ റോയി ഭാര്യയെ ഫോണിൽ വിളിക്കാറുണ്ട്. അത്തരത്തിലൊരു ഫാമിലി മാൻ ആയിരുന്നു റോയിയെന്നും. ആദായ നികുതി വകുപ്പിനെതിരെ റോയി നൽകിയ ഹര്‍ജി പിന്‍വലിപ്പിച്ചത് താൻ പറഞ്ഞത് പ്രകാരമാണെന്നും ടിഎ ജോസഫ് പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ പരിശോധനകളുമായി പൂര്‍ണമായും സഹകരിച്ചിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് സമര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും റോയിയുടെ മരണത്തിലുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ടിഎ ജോസഫ് പറഞ്ഞു.



