പേര് ഐക്യമുന്നണി എന്നാണെന്ന് മന്ത്രി ശിവൻകുട്ടി കുറിച്ചു. ഐക്യമുന്നണിയല്ല, അടിപിടി മുന്നണിയാണെന്ന് കെ ടി ജലീൽ എംഎൽഎ.
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോഴുണ്ടായ പിടിവലിയെ പരിഹസിച്ച് ഇടത് നേതാക്കൾ. 'പേര് ഐക്യമുന്നണി' എന്നാണ് മന്ത്രി ശിവൻകുട്ടി കുറിച്ചത്. ഇത് ഐക്യമുന്നണിയല്ല, അടിപിടി മുന്നണിയാണെന്നും നടക്കുന്നത് അടിയുഗ യാത്രയാണെന്നും കെ ടി ജലീൽ എംഎൽഎ പരിഹസിച്ചു.
"ഐക്യമുന്നണിയിൽ എന്തൊരു ഐക്യമാണ്! കാലക്കേടിന് ഇവരുടെ കയ്യിൽ ഭരണം കിട്ടിയാലുള്ള അവസ്ഥ! പടച്ചോനെ, ആലോചിക്കാൻ വയ്യ. ''അടിയുഗ യാത്ര" കുറ്റ്യാടിയിലെത്തിയപ്പോഴത്തെ അവസ്ഥയാണിത്. ഇത് ഐക്യമുന്നണിയല്ല, അടിപിടി മുന്നണിയാണ്. ഈ തോന്നിവാസികളിൽ നിന്ന് കേരളത്തെ രക്ഷിക്കാനാണ് പിണറായിയുടെ മൂന്നാം വരവ്"- എന്നാണ് കെ ടി ജലീൽ എംഎൽഎ കുറിച്ചത്.
കുറ്റ്യാടിയിൽ ഷാഫി പറമ്പിലിനെ ആദ്യം സംസാരിക്കാൻ ക്ഷണിക്കാതിരുന്നതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്. എം കെ രാഘവൻ, പാറക്കൽ അബ്ദുള്ള, അടൂർ പ്രകാശ് എന്നിവർ സംസാരിച്ചതിന് പിന്നാലെ ജാഥാ ക്യാപ്റ്റൻ വി ഡി സതീശനെ പ്രമോദ് കക്കട്ടിൽ ക്ഷണിച്ചു. ഈ സമയത്ത് ഷാഫി പറമ്പിൽ സംസാരിക്കണമെന്ന് സദസിൽ നിന്ന് ആവശ്യമുയർന്നു. ഇതോടെ ഷാഫിയെ ക്ഷണിക്കാൻ പ്രമോദ് ശ്രമിച്ചെങ്കിലും ഷാഫി തടഞ്ഞു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് ഷാഫിയെ ക്ഷണിക്കാനെത്തിയപ്പോഴും ഷാഫി തടയാൻ ശ്രമിച്ചു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. വെറും ഒറ്റവരിയിൽ ഷാഫി പ്രസംഗം അവസാനിപ്പിച്ചു. സമയം വൈകിയതിനാലാണ് സതീശനെ ക്ഷണിച്ചതെന്ന് പ്രമോദ് പറഞ്ഞു.
നേരത്തെ പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മാറിനിന്നത് ചർച്ചയായിരുന്നു. യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപ്പോയി. ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും സുധാകരൻ പങ്കെടുത്തില്ല. യാത്ര കണ്ണൂരിൽ പ്രവേശിച്ചപ്പോഴും പങ്കെടുത്തിട്ടില്ല. സ്വന്തം ജില്ലയായ കണ്ണൂരിൽ, പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ സുധാകരൻ പങ്കെടുക്കാത്തത് വലിയ ചർച്ചയായി. അതിനിടെ വിശദീകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.


