ഒരു ലക്ഷത്തിലേറെ വരുമാനമുള്ള കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച് ഇടുക്കി ജില്ലാ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന അരുൺകുമാർ പുരുഷോത്തമൻ, ആശുപത്രിയിലേക്ക് ഉപകരണങ്ങൾ നിർമ്മിച്ചും കേടുപാടുകൾ പരിഹരിച്ചും മാതൃകയാവുന്നു
ഇടുക്കി: ചെറുതോണിയിലെ ജില്ലാ ആശുപത്രിക്ക് മുന്നിൽ തകൃതിയായി നടക്കുന്ന ഒരു വെൽഡിങ് ജോലിയുടെ ആ വീഡിയോ കണ്ടവർക്കൊന്നും അരുൺകുമാർ പുരുഷോത്തമൻ ആരാണെന്ന് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. എന്നാൽ അതിനപ്പുറമുള്ള ലോകത്തിന് ഈ യുവാവ്, ഒരുത്ഭുത കാഴ്ചയാകും. ഒരു ലക്ഷത്തിലേറെ രൂപ വരുമാനമുള്ള കേന്ദ്രസർക്കാർ ജോലി വിട്ട്, സ്വന്തം നാട്ടിലെ ആശുപത്രിയിൽ ജോലി ചെയ്യാനെത്തിയ യുവാവ്, ഇന്ന് ആശുപത്രിയുടെ എല്ലാമെല്ലാമാണ്. ഓപ്പറേഷൻ തിയേറ്ററിൽ മനുഷ്യരുടെ മുറിവുകൾ തുന്നിക്കെട്ടുന്നിടത്തും, പുറത്ത് ആശുപത്രി ഉപകരണങ്ങളുടെ തകരാർ പരിഹരിക്കുന്നിടത്തും അയാളെ കാണാം. പിഎസ്‌സി പരീക്ഷയെഴുതി ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നൊരാൾ എന്തിന് ഇത് ചെയ്യുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. അവർക്കെല്ലാമുള്ള മറുപടി സന്തോഷം എന്ന് മാത്രമാണ്. കായകൽപ പുരസ്‌കാരം ലക്ഷ്യമിട്ട് ആശുപത്രിയിൽ നടത്തുന്ന മികവുറ്റ പ്രവർത്തനങ്ങൾക്ക് അധിക കരുത്താവുകയാണ് അരുണിൻ്റെ ‘അധികപ്പണി’.
അധിക കൂലിയൊന്നും വാങ്ങിയല്ല ഇടുക്കി ജില്ലാ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്ന ആരോഗ്യ ഇൻഷുറൻസിൻ്റെ രജിസ്ട്രേഷൻ കൗണ്ടർ പുനർനിർമിക്കാൻ അരുൺ തയ്യാറായത്. അങ്ങനെയൊരു പതിവില്ല താനും. ജീവനക്കാരിൽ നിന്ന് പിരിഞ്ഞികിട്ടുന്നതും സ്വന്തം സമ്പാദ്യത്തിൽ നിന്നെടുത്തതും സ്വരുക്കൂട്ടി ആശുപത്രിയിലേക്ക് അരുൺ നിർമിച്ചതും പുതുക്കിപ്പണിതതുമായ ഉപകരണങ്ങൾ ഒന്നും രണ്ടുമല്ല. കോവിഡ് കാലത്തെ സ്വാബ് കളക്ഷൻ സംവിധാനം, പ്രസവ വാർഡിലേക്ക് ഇഞ്ചെങ്കഷൻ ട്രേ, ആശുപത്രിയിലെ സ്ലൈഡിങ് ഡോർ, ഓപ്പറേഷൻ തിയേറ്ററിന് അകത്ത് ഉപയോഗിക്കുന്ന ചെരുപ്പ് കഴുകിവെക്കാനുള്ള സ്റ്റാൻ്റ്, ആശുപത്രി വാർഡിലേക്ക് ട്രോളി തുടങ്ങി എന്തും അരുൺ ശരിയാക്കും.
കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ
തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയായ അരുൺ പഠനത്തിൽ മിടുമിടുക്കനായിരുന്നു. ദരിദ്രമായ ജീവിത സാഹചര്യങ്ങളിൽ പഠനത്തോടൊപ്പം ജോലി ചെയ്തായിരുന്നു വളർന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആശാരിപ്പണി ചെയ്ത് തുടങ്ങിയതാണ്. ക്രാഫ്റ്റ് മേക്കിങിലായിരുന്നു കമ്പം. എന്നാൽ പഠനത്തിൽ ഒട്ടും ഒരിക്കലും പുറകോട്ട് പോയില്ല. ഉയർന്ന മാർക്കോടെ പ്ലസ് ടു പാസായ ശേഷം മുട്ടം ഗവൺമെൻ്റ് സ്‌കൂൾ ഓഫ് നഴ്‌സിങിൽ പ്രവേശനം നേടി. മികച്ച മാർക്കോടെ ബിരുദം പാസായി. 2010 വരെ തൊടുപുഴയിലെ താലൂക്ക് ആശുപത്രിയിൽ താത്കാലിക ജോലി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പോണ്ടിച്ചേരിയിൽ പ്രവർത്തിക്കുന്ന ജിപ്മെറിൽ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻ്റ് റിസർച്ച്) സ്റ്റാഫ് നഴ്‌സായി 2010ൽ നിയമനം. 2018 വരെ അവിടെ ജോലി ചെയ്തു. ഒരു ലക്ഷത്തിലേറെ വരുമാനമുണ്ടായിരുന്ന ഈ ജോലി ഒഴിവാക്കാനുള്ള ഒരേയൊരു കാരണം നാട്ടിൽ തന്നെ ജീവിക്കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു.
2018 ലാണ് കേരള പിഎസ്‌സി വഴി കേരളത്തിൽ ആരോഗ്യവകുപ്പിൽ നഴ്‌സിങ് ഓഫീസറായി അരുൺകുമാറിന് നിയമനം ലഭിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ കോവിഡ് കാലത്തായിരുന്നു തന്നിലെ കരകൗശല വിദ്യകൾ പുറത്തെടുത്തതെന്ന് അരുൺ പറയുന്നു. സ്രവ പരിശോധന കിയോസ്‌കിൽ തുടങ്ങി ഒടുവിൽ ആരോഗ്യ ഇൻഷുറൻസിൻ്റെ കൗണ്ടർ വരെ അരുണിൻ്റെ കരവിരുതിൽ ശരിയാക്കിയെടുത്ത സാധനങ്ങൾ എണ്ണിയിലൊടുങ്ങില്ല. ലക്ഷക്കണക്കിന് രൂപയുടെ നേട്ടമാണ് ഇതിലൂടെ ആരോഗ്യവകുപ്പിനും ഉണ്ടായത്. സഹജീവനക്കാരും ഹാപ്പി. പൂർണ പിന്തുണ നൽകി ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് ഒപ്പമുള്ളതാണ് തൻ്റെ കരുത്തെന്ന് അരുൺ പറയുന്നു. ജിപ്മെറിലും പിന്നീട് ഇടുക്കിയിലേക്കും അരുണിൻ്റെ വഴിയേ എത്തിയതാണ് നഴ്‌സിങ് ഓഫീസറായ ഭാര്യ ആര്യ കെ ചന്ദ്രനും. നാല് മക്കളാണ് ഇവർക്ക്. കട്ടപ്പനയിൽ സ്ഥിരതാമസമാക്കിയ അരുൺ, ലക്ഷക്കണക്കിന് രൂപയുടെ നിർമ്മാണ സാമഗ്രികൾ വാങ്ങിവെച്ചിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ വീട്ടിൽ തന്നെ ക്രാഫ്റ്റ് വർക്കുകൾ ചെയ്ത് ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. ആത്മാർത്ഥമായി അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് 2025 ൽ മികച്ച നഴ്‌സിങ് ഓഫീസർക്കുള്ള പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചിരുന്നു.


