വി ഡി സതീശന്റെ ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രയ്ക്ക് സുരക്ഷ വർധിപ്പിച്ചു. മന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.  

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പൊലീസുകാരെത്തി. വി ഡി സതീശനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ചേർത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി പുതുയുഗ യാത്ര എത്തുന്നത്. ആരോഗ‍്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതിനാൽ വി ഡി സതീശനെതിരേ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, വീണാ ജോർജിനെതിരായ പ്രതിഷേധത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും കെഎസ്‍യു മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. മൂന്നോ നാലോ കെഎസ്‍യുക്കാരും 35 പൊലീസുകാരുമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. തെറ്റുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സതീശന്‍, ആക്രമണം നടന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ഇനിയും പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്കെതിരെ പ്രതിഷേധിച്ചോളൂ കുഴപ്പമില്ല. കേരളത്തെ ഈ അവസ്ഥയിൽ എത്തിച്ചത് ഞാൻ ആണല്ലോ എന്നും വി ഡി സതീശന്‍ പരിഹസിച്ചു.