മദ്യനയം മാറ്റം തെരഞ്ഞെടുപ്പ് ഡീലാണ്. സമയം വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയതിൽ സർക്കാരിനെതിരെ കടുത്ത ആരോപണവുമായി കത്തോലിക്ക സഭ. മിന്നൽ വേഗതയിലുള്ള തീരുമാനത്തിന് പിറകിൽ തെരഞ്ഞെടുപ്പ് ഡീൽ എന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും കെസിബിസിയും ഓർത്തഡോക്സ് സഭയും ആവശ്യപ്പെട്ടു. സമയമാറ്റത്തിന് തീരുമാനമെടുത്തത് അതിവേഗമാണെന്ന ഫയൽ നീക്ക വിശദാംശങ്ങളും പുറത്ത് വന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ബാറുടമകളുടെ ആവശ്യത്തിൽ സർക്കാർ മിന്നൽ വേഗതയിൽ തീരുമാനമെടുത്ത്. ടൂറിസത്തെ ശക്തിപ്പെടുത്താനെന്നാണ് സർക്കാർ ന്യായം.
ഇതുവരെ വിജ്ഞാപനം ചെയ്ട ടൂറിസം കേന്ദ്രങ്ങൾക്ക് മാത്രമുള്ള ഇളവാണ് സംസ്ഥാന വ്യാപകമാക്കിയത്. ബെവ്കോ 9 ന് അടക്കുമ്പോൾ ബാറുകൾ 12 മണിവരെ മദ്യം വിളമ്പും. തീരുമാനത്തെ കടുത്ത ഭാഷയിലാണ് സഭയും വിമർശിച്ചത്. മുന്നണിയും മന്ത്രിസഭയിലും ആലോചിക്കാതെ തീരുമാനമെടുത്തവരെ മദ്യം പാമ്പിനെ പോലെ കൊത്തുമെന്നും അണലിയെപ്പോലം കടിക്കുമെന്നുമുള്ള ബൈബിൾ വാക്യം ഓർമ്മിപ്പിച്ചാണ് കെസിബിസി വിമർശനം ശക്തമാക്കിയത്. ഓർത്തഡോക്സ് സഭയും സർക്കാരിനെതിരെ രംഗത്ത് വന്നു.
സമയം വർധിപ്പിക്കാനുള്ള സർക്കാരിന്‍റെ അമിത താൽപ്പര്യം പ്രകടമാക്കുന്നതാണ് ഫയൽ നീക്കം. ജനുവരി 29 ന് ഫയൽ മുഖ്യമന്ത്രിയ്ക്ക് അയക്കുന്നു. 31 ന് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നു. മറ്റ് ഫയലുകൾ പലതും കെട്ടിക്കിടക്കുമ്പോഴാണ് ബാറുകളുടെ ആവശ്യപ്രകാരം എന്ന പേരിൽ അതിവേഗ ഒപ്പിടൽ. മന്ത്രിസഭയിൽപോലും ഫയൽ പോയില്ലെന്ന് വ്യക്തം. ഇതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ മന്ത്രിസഭയിൽ ആലോചിക്കാതെയുള്ള തീരുമാനത്തെക്കുറിച്ച് വിചിത്ര ന്യായമാണ് ഇടത് മുന്നണി കൺവീനർക്ക്. മാർച്ച് എട്ടിന് മദ്യലഹരി വിരുദ്ധ ഞായർ അടക്കം ആചരിച്ച് സർക്കാരിനെതിരെ പ്രതിഷേധം കനപ്പിക്കാനാണ് കത്തോലിക്ക സഭകളുടെ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടൽ വിവാദം സര്‍ക്കാരിന് നല്ല സമയമാകില്ല നൽകുക.

