ഒറ്റപ്പാലം നഗരസഭയിൽ സിപിഎമ്മിലെ എം.കെ.ജയസുധ എതിരില്ലാതെ ചെയർപഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. എസ് സി സംവരണ പദവിയിലേക്ക് മത്സരിക്കാൻ യുഡിഎഫിലും ബിജെപിയിലും പ്രതിനിധികളില്ലാതിരുന്ന സാഹചര്യത്തിൽ, യുഡിഎഫ് നേതാവ് ജയസുധയെ പിന്തുണച്ചത് ശ്രദ്ധേയമായി. 

പാലക്കാട് : ഒറ്റപ്പാലം നഗരസഭയിൽ സിപിഎമ്മിലെ എം.കെ.ജയസുധ ചെയർപഴ്സണായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എസ് സി വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ യുഡിഎഫിലും ബിജെപിയിലും പ്രതിനിധികളില്ലാത്തതാണ് ഏകപക്ഷീയമായ വിജയത്തിനു വഴിയൊരുക്കിയത്. സിപിഎം കൗൺസിലർ കെ.കെ.രാമകൃഷ്ണൻ നാമനിർദേശം ചെയ്ത ജയസുധയെ യുഡിഎഫ് നേതാവ് പി.എം.എ.ജലീൽ പിന്തുണച്ചതും ശ്രദ്ധേയമായി. ഇവിടെ ഉച്ച കഴിഞ്ഞാണ് ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ ഉപാധ്യക്ഷനുമായ കെ.രാജേഷാണ് വൈസ് ചെയർമാൻ സ്ഥാനാർഥി. 39 അംഗ കൗൺസിലിൽ സിപിഎമ്മിന് 19 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 12, യുഡിഎഫ് 7, യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.