ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാൽ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ.

ആലപ്പുഴ: പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയില്ല. പാർട്ടി അംഗത്വം പുതുക്കാത്തതാണെന്നും ജി സുധാകരൻ പറഞ്ഞു. മകനോടും ഭാര്യയോടും അല്ലാതെ മറ്റാരോടും സ്ഥാനാർത്ഥിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാൽ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ. കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് ആശ്വാസമായി. 70 ശതമാനം പണവും അവർ പിരിച്ചു. കോൺഗ്രസ് വലിയ സഹായം ചെയ്തു എന്നും ജി സുധാകരൻ പറഞ്ഞു. ക്രിമിനൽ ടെൻഡൻസിയുള്ളവർ പാർട്ടിക്കുള്ളിൽ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും ക്രിമിനലുകൾ കടന്നുകൂടിയത്. പേരുകളൊന്നും ഇപ്പോൾ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടക്കുന്നത്. 70 വർഷം പ്രവർത്തിച്ചയാളെ ഒരു കള്ളുകുടിയൻ തന്തയ്ക്ക് വിളിക്കുന്നു. താനോ ചെന്നിത്തലയോ പൊളിറ്റിക്കൽ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ല. എവിടെയാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പാർട്ടി മാറുന്നത് അവിടെ കമ്മ്യൂണിസം ഇല്ലാതാകും. വലിയൊരു പ്രതിസന്ധിയാണ് കമ്മ്യൂണിസം ഇപ്പോൾ നേരിടുന്നത്. കോൺഗ്രസ് പ്രതിസന്ധിയുണ്ട്, അത് ശ്രദ്ധിച്ചാൽ കൊള്ളാം. പക്ഷേ കോൺഗ്രസിന് ഭാവിയുണ്ട്.

എച്ച് സലാമിന് തീവ്രവാദം ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. സലാം ഇന്ത്യയുടെ ഭരണഘടന വിദഗ്ധൻ ഒന്നുമല്ലല്ലോ. അയാൾ ഇനിയും അടങ്ങിയില്ലേ, ഇപ്പോഴും ഭ്രാന്ത് പിടിച്ച് നടക്കുകയാണോ. തോൽക്കുമെന്ന് സലാമിന് മനസ്സിലായി. തെളിവ് പുറത്തുവിടാൻ എന്തിനാണ് വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തല്ലേ അത് പുറത്തുവിടേണ്ടത്. കോടതി സലാമിന്റെ പോക്കറ്റിൽ ഇരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ പറഞ്ഞു. കേരളം ചില കാര്യങ്ങളിൽ നമ്പർ വണ്ണാണെന്ന് വേദികളിൽ പ്രസംഗിക്കുകയാണ്. പരസ്പര സ്നേഹത്തിൽ കേരളം പൂജ്യമാണ്. കുടുംബത്തിനകത്തും പുറത്തും കൊലപാതകങ്ങൾ ഉണ്ടാകുന്നു. ലോകത്ത് ഒരിടത്തും കേരളത്തിലേത് പോലെ സാമൂഹ്യ കൊലകൾ നടക്കുന്നില്ല. സാധാരണക്കാരന് കേരളത്തിൽ പരിഗണനയില്ല. കേരളത്തിൽ ഭക്തി ബിസിനസാക്കി മാറ്റി. എന്ത് സോഷ്യലിസമാണ് ഇവിടെയുള്ളതെന്നും ജി സുധാകരൻ ചോദിച്ചു. 

വളർത്തിയെടുത്ത ബോധത്തിന് കേരളത്തിൽ തിരിച്ചടിയുണ്ടാകുന്നു. എങ്ങനെയും പണമുണ്ടാക്കലാണ് ഇപ്പോൾ ആപ്‌തവാക്യം. താനിപ്പോൾ പറഞ്ഞത് ഏതെങ്കിലും മന്ത്രിയുടെ നാവിൽ നിന്ന് കേട്ടോ. അമിത ആഡംബരം ഉപേക്ഷിക്കണമെന്ന് ഏത് മന്ത്രി പറയുന്നുണ്ട്. സാനു മാഷ് അല്ലാതെ ഒരു സാംസ്കാരിക നേതാവും ഇത് പറയില്ല. തെരഞ്ഞെടുപ്പ് സമയത്ത് എന്റെ മണ്ഡലത്തിൽ കേന്ദ്രസേന വന്നിരുന്നു. വോട്ടെണ്ണൽ സമയത്തും ശ്രദ്ധ വേണം. യന്ത്രത്തിൽ നിന്ന് എണ്ണിയെടുക്കുന്നത് ഉദ്യോഗസ്ഥർ മാറ്റിയെഴുതും. കൗണ്ടിങ് ഓഫീസർമാർ രാഷ്ട്രീയമുള്ളവരാണ്. കളക്ടർമാർ ഇതിന് വഴങ്ങി രാഷ്ട്രീയം കാണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇങ്ങനൊന്നും ജയിച്ചത് കൊണ്ട് ജയം ആകില്ല. പാർലമെന്ററി വ്യാമോഹം എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമല്ല. അത് വ്യാമോഹമല്ല മോഹമാണ്. പാർലമെന്ററി വ്യാമോഹം എന്നാൽ കുത്തക മുതലാളിത്തത്താൽ നയിക്കപ്പെടുന്നതാണ്. താൻ എവിടെയും പോയിട്ടില്ല സ്വതന്ത്രനായി നിൽക്കുകയാണ്. തന്നെ സഹായിച്ച കോൺഗ്രസിനോട് തനിക്കെന്നും നന്ദിയുണ്ട്. സിപിഎമ്മാണ് പല സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഹകരിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.