വീഡിയോക്ക് പിന്നിൽ സിപിഎം ഗൂഢാലോചനയാണെന്ന് എംഎൽഎ ആരോപിച്ചു. തന്നെ തടഞ്ഞ സ്ത്രീയുടെ കുടുംബത്തിന് എൽഡിഎഫ് ബന്ധമുണ്ടെന്നും, ദൃശ്യങ്ങൾ പകർത്തിയത് എസ്എഫ്ഐ നേതാവാണെന്നും വിഷ്ണുനാഥ് പറയുന്നു.  

കൊല്ലം: കുണ്ടറ മണ്ഡലത്തിലെ ഒരു കശുവണ്ടി ഫാക്ടറി സന്ദർശനത്തിനിടെ പിസി വിഷ്ണുനാഥ് എംഎൽഎയെ ഒരു സ്ത്രീ തടഞ്ഞുവെച്ച് പരാതികൾ പറയുന്ന വീഡിയോയെച്ചൊല്ലി കൊല്ലത്ത് രാഷ്ട്രീയ പോര് മുറുകുന്നു. എംഎൽഎയെ സ്വന്തം പാർട്ടി പ്രവർത്തക തന്നെ ചോദ്യം ചെയ്തു എന്ന തരത്തിൽ ഇടതുപക്ഷ ഹാൻഡിലുകൾ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും, ഇതിന് പിന്നിലെ വസ്തുതകൾ മറിച്ചാണെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ തന്നെ രംഗത്തെത്തി. ഫാക്ടറിയിലെത്തിയ എംഎൽഎയോട് ഒരു തൊഴിലാളി സ്ത്രീ രൂക്ഷമായി സംസാരിക്കുന്നതായിരുന്നു ദൃശ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോയ ശേഷം ഇപ്പോഴാണല്ലോ കാണുന്നത് എന്ന് ചോദിച്ച അവർ, താൻ ഒരു കോൺഗ്രസുകാരിയാണെന്ന് അവകാശപ്പെടുകയും കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്ത് പരാതി പറഞ്ഞാലും യുഡിഎഫ് ശബരിമല വിഷയം മാത്രമാണ് സംസാരിക്കുന്നത് എന്ന വിമർശനവും വീഡിയോയിൽ ഉണ്ടായിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ, ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന ഇങ്ങനെയെന്ന്, എംഎൽഎ പുതിയ വീഡിയോ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. തന്നെ തടഞ്ഞുവെച്ച് സംസാരിച്ച സ്ത്രീയുടെ മകൾ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊറ്റങ്കരയിലെ ഗോപികാ സദനം സ്കൂൾ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. ഇവരുടെ മകൻ പ്രദേശത്തെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഫാക്ടറിക്കുള്ളിൽ എംഎൽഎ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ പകർത്താൻ സിപിഎം മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. പെരുനാടുള്ള എസ്എഫ്ഐ ഏരിയാ സെക്രട്ടറി ജിജോയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് എംഎൽഎ പറയുന്നു. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.

എംഎൽഎ പിന്നീട് അതേ ഫാക്ടറിയിൽ തിരിച്ചെത്തിയപ്പോൾ, തന്നെ തടഞ്ഞ സ്ത്രീ ഒഴികെയുള്ള മറ്റ് തൊഴിലാളികൾ അവർ രാഷ്ട്രീയം കളിച്ചതാണെന്ന് പറയുന്ന ദൃശ്യങ്ങളും പി.സി. വിഷ്ണുനാഥ് പങ്കുവെച്ചു. സിപിഎമ്മിന്റേത് പഴക്കം ചെന്ന സ്ക്രിപ്റ്റാണെന്നും ഇത്തരം നാടകങ്ങൾ വഴി ജനപ്രതിനിധികളെ അപമാനിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പരിഹസിച്ചു.