ശബരിമല സന്നിധാനത്തിന് മുകളിലൂടെ അനുമതിയില്ലാതെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ദിശതെറ്റിയതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിക്കുമ്പോഴും, അതീവ സുരക്ഷാ മേഖലയിലെ സംഭവം ഗൗരവതരമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു.

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്നതിൽ പമ്പ പൊലീസ് കേസെടുത്തു. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവകരമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്ന് പോയതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചു.

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ സാന്നിധ്യം ഇതാദ്യം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല. വിവിഐപികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിനു മുകളിൽ എത്തിയത് അതീവ ഗൗരവമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.

അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ കടന്നു കയറി പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ മൊഴി വാങ്ങി പമ്പ പൊലീസും കേസെടുത്തു. സാങ്കേതിക പിഴവാണ് ഉണ്ടായതെന്നാണ് കോസ്റ്റ് ഗാർഡിന്‍റെ വിശദീകരണം. ഹെലികോപ്റ്റർ പതിവ് നിരീക്ഷണത്തിൽ ഇറങ്ങിയതാണ്. അന്തരീക്ഷം മേഘാവൃതം ആയതിനാൽ ദിശ തെറ്റി സന്നിധാനത്തിന് മുകളിലെത്തിയാതാണെന്നും സംഭവത്തിൽ കോസ്റ്റുകാർഡ് വിശദീകരിക്കുന്നു. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിന് ഉള്ളിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അവിടെ ശ്രീകോവിലിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

YouTube video player