നിയമസഭാ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സംഭവത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായത് ഗുരുതരമായ അനാസ്ഥയെന്നാരോപിച്ച് ഹർജിയുമായി ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സംഭവത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായത് ഗുരുതരമായ അനാസ്ഥയെന്നാരോപിച്ച് ഹർജിയുമായി ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചു. കൃത്യസമയത്ത് ഫോം 12 സമർപ്പിച്ചിട്ടും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ നിന്ന് പോസ്റ്റൽ ബാലറ്റ് അനുവദിക്കാത്തതിനെത്തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട ഉദ്യോഗസ്ഥരാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വോട്ട് ചെയ്യാൻ പ്രത്യേക അവസരം നൽകുമെന്ന് ഈ മാസം എട്ടാം തീയതി കമ്മീഷന്‍റെ അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും, ഇതുവരെയും വിജ്ഞാപനം പുറപ്പെടുവിക്കാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ വീണ്ടും കോടതിയെ സമീപിച്ചത്.

​വോട്ടെണ്ണൽ നടക്കുന്ന മെയ് നാലിന് മുമ്പ് വോട്ട് രേഖപ്പെടുത്താൻ അടിയന്തര സൗകര്യം ഒരുക്കണമെന്നും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ കോടതി ഇടപെടണമെന്നുമാണ് പ്രധാന ആവശ്യം. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശാശ്വതമായ സംവിധാനം ഒരുക്കണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നാളെ ജസ്റ്റിസ് ഹരീഷങ്കർ വി. മേനോൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹർജിക്കാർക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. മഅറൂഫ് സി.എച്ച് ഹാജരാകും.