ഉത്തരേന്ത്യയിലും പാലക്കാടും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയും കർദ്ദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവയും ശക്തമായി അപലപിച്ചു. 

കൊച്ചി: ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ രംഗത്ത്. ആക്രമണത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മതബഹുലതയുള്ള നാടാണ്. ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങൾ തുടരാൻ അനുവദിക്കരുത്. എല്ലാവർക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിർബന്ധിതമാകരുത് എന്നേയുള്ളൂ. ഇത്തരം കാര്യങ്ങളിൽ ഭരണഘടന സംരക്ഷിച്ചുകൊണ്ട് തന്നെ ജാഗ്രത പുലർത്തണം. സർക്കാർ ഉടൻ നടപടിയെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ക്കെതിരെ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയും രംഗത്തെത്തി. ഒരു വശത്ത് കേക്കുമായി വരുമ്പോള്‍ മറുവശത്ത് അക്രമ സംഭവങ്ങളുണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആവര്‍ത്തിക്കാതിരിക്കാൻ ശ്രമിക്കേണ്ടത് അധികാരത്തിൽ ഇരിക്കുന്നവെന്നവരാണെന്ന് കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു.

ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായി അക്രമത്തിനെതിരെ കടുത്ത പ്രതിഷേധമുയരുന്നത്. മതപരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യ പ്രദേശിലെ ജബൽ പൂരിലടക്കം സംഘര്‍ഷമുണ്ടാക്കിയത്. ദില്ലിയിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാൻ ശ്രമിച്ചു.

കേക്കുമായി വീടുകളിൽ എത്തുന്ന ചിലര്‍ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. സംഘപരിവാറിന്‍റെ ജനാധിപത്യ വിരുദ്ധ ചെയ്തികളെ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്രൈസ്തവ ദേവാലയത്തിൽ പ്രധാനമന്ത്രി മോദി പ്രാര്‍ഥിച്ചിട്ട് മാത്രം കാര്യമില്ലെന്നും അക്രമം നിര്‍ത്താൻ അനുയായികളോട് പറയണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

YouTube video player

അമിത് ഷായെ ആശങ്ക അറിയിച്ച് സിബിസിഐ

ക്രിസ്മസ് ആഘോഷങ്ങൾക്കിടെയുണ്ടായ അക്രമത്തിൽ കേന്ദ്രമന്ത്രി അമിത് ഷായെ ആശങ്ക അറിയിച്ചെന്ന് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) വക്താവ് റോബിൻസണ്‍ റോഡ്രിഗസ്. ഇന്നലെ ദില്ലിയിൽ ക്രിസ്മസ് വിരുന്ന് നടത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെയും സിബിസിഐ ആശങ്ക അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി നടപടി ഉറപ്പ് നൽകിയെന്ന് സിബിസിഐ വക്താവ് പറഞ്ഞു. എല്ലാ ക്രിസ്മസ് സീസണിലും ഇത് ആവർത്തിക്കുകയാണെന്നും ദേശവിരുദ്ധരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.

മധ്യപ്രദേശിൽ കാഴ്ചാപരിമിതിയുള്ള യുവതിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ വ്യാപകമായി ചർച്ചയായിട്ടും ഇതുവരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടില്ല. ആക്രമണത്തിന് നേതൃത്വം നൽകിയ ജില്ലാ ഉപാധ്യക്ഷ അഞ്ചു ഭാർ​ഗവയെ പുറത്താക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രതികരിച്ചിട്ടില്ല. ദില്ലിയിൽ കരോൾ സംഘത്തെ ആക്രമിച്ചതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. .

ദൃശ്യങ്ങൾ വ്യാപക ചർച്ചയായിട്ടും പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിട്ടും ബിജെപിയുടെ ദേശീയ നേതാക്കൾ പ്രതികരിച്ചിട്ടില്ല. അതിനിടെ രാജസ്ഥാനിലെ ശ്രീ​ഗം​ഗാന​ഗറിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാനും സാന്താക്ലോസായി വേഷമിടാനും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നിർബന്ധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. അഡീ. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടേതാണ് ഉത്തരവ്. നാളെ ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി ദില്ലിയിൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ റിഡംപ്ഷൻ കത്തീഡ്രൽ പള്ളി സന്ദർശിക്കും.

YouTube video player