രാഹുൽ മാങ്കൂട്ടത്തിലാണ് തന്‍റെ കുടുംബ ജീവിതം തകര്‍ത്തതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവ്. യുവതി ഗർഭിണിയാക്കിയതിലും ഗർഭഛിദ്രം നടത്തിയതിലും തന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലാണ് തന്‍റെ കുടുംബ ജീവിതം തകര്‍ത്തതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവ്. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു താനെന്നും തന്‍റെ കുടുംബ ജീവിതമാണ് തകര്‍ന്നതെന്നും കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ചും എസ്ഐടിയുമടക്കം വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു. തനിക്കുണ്ടായ വലിയ മാനനഷ്ടം കാരണമാണ് രാഹുലിനെതിരെ പരാതി നൽകിയത്. രാഹുൽ കുറ്റം ചെയ്തിട്ടുണ്ട്. ഒരു എംഎൽഎ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാൽ, തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല. യുവതി ഗർഭിണിയാക്കിയതിലും ഗർഭഛിദ്രം നടത്തിയതിലും തന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു. കേരളത്തിലെ ഒരു എംഎൽഎ കുടുംബം തകർക്കുകയാണ് ചെയ്തത്. യുവതിയുടെ ഐഡിറ്റിറ്റി വെളിപ്പെടുത്തിയതോടെ തന്‍റെ ഐഡറ്റിറ്റി കൂടി വെളിപ്പെട്ടുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

 കണ്ണാപ്പിയുടെ കല്യാണം പോലെ നടന്നയൊരു കല്യാണം അല്ലിത്. ഒരു സുപ്രഭാതത്തിൽ പെണ്‍കുട്ടിയെ ചാടിച്ചുകൊണ്ടുപോയി നടത്തിയ കല്യാണമല്ല. സുഹൃത്തുക്കളെയും ബന്ധുക്കളെയും വേണ്ടപ്പെട്ട ആളുകളെയും ക്ഷണിച്ച് ക്ഷണപത്രം അടിച്ച് നടത്തിയ കല്യാണമായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടൂതൽ ഇപ്പോള്‍ പറയുന്നില്ല. ആവശ്യമെങ്കിൽ കോടതിയിൽ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തും. കൊല്ലുമെന്നും ഗര്‍ഭിണിയാക്കണമെന്നൊക്കെയാണ് ഒരു എംഎൽഎ പറഞ്ഞത്. ജനങ്ങളെ സേവിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎൽഎ ആണ് ഇത്തരത്തിൽ ക്രിമിനൽ പ്രവൃത്തി ചെയ്തിരിക്കുന്നത്. ആവശ്യമായ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

തന്‍റെ കുടുംബം ജീവിതം തകര്‍ത്തെന്ന് ചൂണ്ടികാട്ടി പരാതിക്കാരിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ ഇന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. രാഹുലിനെതിരെ ബിഎൻഎശ് 84 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കോട് വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് എംഎൽഎക്കെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വരുന്നത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് പരാതി. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകർക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തന്‍റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുലിന്‍റെ വാദം. 

എന്നാൽ, ഇത് പൂർണമായി തള്ളുകയാണ് യുവതിയുടെ ഭർത്താവ്. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ രാഹുൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെ ചോദ്യം. പരാതിയും കേസുമായി യുവതി മുന്നോട്ടു പോയപ്പോൾ സംഭവത്തിൽ യഥാർത്ഥ ഇര താനായെന്നും വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നെന്നും ഭർത്താവ് പരാതിയിൽ പറയുന്നു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്തു. മാനസികമായ തളർന്ന താൻ കേസുമായി മുന്നോട്ടു പോകും. ആവശ്യമെങ്കിൽ കൂടുതൽ തെളിവുകൾ കൈമാറും. നേരത്തെ യുവതിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഭർത്താവിന്‍റെ മൊഴി എടുത്തിരുന്നു. രാഹുലിനെതിരെ രണ്ടു കേസുകളാണ് നിലവിലുള്ളത്. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച ഹൈകോടതി അവസാന വാദത്തിലേക്ക് കടക്കാനിരിക്കെയാണ് യുവതിയുടെ ഭർത്താവിന്‍റെ അപ്രതീക്ഷിത നീക്കം.

YouTube video player