പത്തനംതിട്ട പുറമറ്റം പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നഷ്ടമായി. മുതിർന്ന നേതാവ് പി.ജെ കുര്യൻ്റെ പിടിവാശി മൂലം സ്വതന്ത്രരുടെ പിന്തുണ നിരസിച്ചതോടെ, എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമത റെനി സനൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുറമറ്റം പഞ്ചായത്തിൽ മേൽക്കൈ ഉണ്ടായിരുന്നിട്ടും കോൺഗ്രസ് വിമത പ്രസിഡൻ്റായതിന് പിന്നാലെ പിജെ കുര്യനെതിരെ വിമർശനം. പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായതിന് കാരണം മുതിർന്ന കോൺഗ്രസ് നേതാവായ പി.ജെ കുര്യൻ്റെ പിടിവാശി എന്നാണ് ആരോപണം. എൽഡിഎഫ് പിന്തുണയോടെ യുഡിഎഫ് വിമത റെനി സനലാണ് ഇന്ന് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം പഞ്ചായത്തായ പുറമറ്റത്ത് ഭരണം ഇടതുമുന്നണിക്ക് നേടിക്കൊടുത്തത് പിജെ കുര്യൻറെ പിടിവാശി മൂലമെന്ന് പ്രസിഡണ്ടായി ജയിച്ച റെനി സനലും ഭർത്താവ് സനൽകുമാറും ആരോപിച്ചു.
ജില്ലയിലെ കോൺഗ്രസിനെ നശിപ്പിക്കുന്നത് പിജെ കുര്യനെന്നും ഇവർ കുറ്റപ്പെടുത്തുന്നു. യുഡിഎഫിന് ഭരണം കിട്ടുമായിരുന്ന പുറമറ്റത്ത് പിജെ കുര്യൻറെ വാശി മൂലമാണ് സ്വതന്ത്രരായി ജയിച്ച റെനിയുടെയും സനലിൻ്റെയും പിന്തുണ വേണ്ടെന്ന് തീരുമാനിച്ചത്. പഞ്ചായത്തിൽ 7 സീറ്റാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. എൽഡിഎഫിന് അഞ്ച് സീറ്റുണ്ടായിരുന്നു. രണ്ടു സ്വതന്ത്രരെ എൽഡിഎഫ് ഒപ്പം നിർത്തി. ഇതോടെ പ്രസിഡൻ്റിനെ കണ്ടെത്താൻ നറുക്കെടുപ്പിലേക്ക് വേണ്ടി വന്നു. നറുക്കെടുപ്പിലാണ് റെനി സനൽ വിജയിച്ചത്. ആകെ പതിനാല് സീറ്റുള്ള പഞ്ചായത്താണിത്.


