കാണാതായ പീഠമാണ് വീട്ടിലുണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍റെ സഹോദരി മിനി ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 25നാണ് ഉണ്ണികൃഷ്ണനും വാസുദേവനും കൂടി വീട്ടിൽ വന്നതെന്നും മിനി ദേവി പറഞ്ഞു
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വര്‍ണ പീഠം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി ദേവി. കാണാതായ സ്വര്‍ണ പീഠം മിനി ദേവിയുടെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. കാണാതായ പീഠമാണ് ഇതെന്ന് അറിയില്ലായിരുന്നുവെന്ന് മിനി ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 25 ന് പുലര്‍ച്ചെയാണ് ഉണ്ണിക്കൃഷ്ണനും വാസുദേവനും കൂടി വീട്ടിലെത്തുന്നത്. അമ്പലത്തിൽ കൊടുക്കേണ്ട ഷീല്‍ഡാണെന്നും ഇവിടെ സൂക്ഷിക്കണമെന്നുമാണ് പറഞ്ഞത്. വാസുദേവന് പിന്നീട് വന്ന് തിരികെ കൊണ്ടു പോകുമെന്നും പറഞ്ഞു. ശബരിമലയിൽ നിന്ന് കാണാതായ പീഠമാണ് ഇതെന്ന് അറിയില്ലായിരുന്നു. പാക്കറ്റിൽ പൊതിഞ്ഞ് സ്റ്റിക്കര് ഒട്ടിച്ചാണ് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര് വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്. പേടി കൊണ്ടായിരിക്കാം വാസുദേവന് ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും മിനി ദേവി പറഞ്ഞു.
പീഠം കണാതായതിൽ അടിമുടി ദുരൂഹത തുടരുന്നതിനിടെയാണ് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി ദേവിയും വിഷയത്തിൽ പ്രതികരിക്കുന്നത്. നേരത്തെ ഉണ്ണിക്കൃഷ്ണൻ പോറ്റിയായിരുന്നു പീഠം കാണാനില്ലെന്ന പരാതി ഉന്നയിച്ചത്. ശിൽപ്പത്തിന്‍റെ നിർമാണ ചുമതലയുണ്ടായിരുന്ന വാസുദേവനാണ് തനിക്ക് പീഠം കൈമാറിയതെന്നും വാസുദേവന്‍റെ കൈവശം പീഠമുള്ളത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയത്. ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങൾക്കൊപ്പമുള്ള സ്വര്‍ണത്തിന്‍റെ താങ്ങ് പീഠം കാണാതായതത് വൻ വിവാദമായിരുന്നു. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ദ്വാരപാലക ശിൽപ്പങ്ങൾക്ക് രണ്ട് പീഠം ഉണ്ടായിരുന്നതായും ഇതിൽ ഒന്ന് കാണാനില്ലെന്നും പരാതിപ്പെട്ടത്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദശ പ്രകാരമുള്ള വിജിലൻസ് അന്വേഷണത്തിലാണ് വൻ ട്വിസ്റ്റുണ്ടായത്. കാണാതായ താങ്ങ് പീഠം സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് വിജിലൻസ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നത്
2021 മുതൽ സ്വർണപീഠം, ശിൽപ്പ നിർമാണ ചുമതലയുണ്ടായിരുന്ന കോട്ടയം സ്വദേശി വാസുദേവന്‍റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇത് സൂക്ഷിക്കാൻ തന്നെ ചുമതപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് വാസുദേവിന്‍റെ മൊഴി. വാർത്തയായതോടെയാണ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചു. തൽക്കാലം ആരോടും പറയേണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതായും വാസുദേവൻ മൊഴി നൽകി. എന്നാൽ, വാസുദേവൻ പോറ്റിയുടെ മൊഴി ഉണ്ണികൃഷ്ണൻ പോറ്റി തള്ളി. പീഠം പത്ത് ദിവസം മുൻപ് തിരികെ നൽകിയപ്പോൾ തന്നെ പൊലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. വാസുദേവന്‍റെ കൈവശം പീഠം ഉള്ളത് തനിക്ക് അറിയില്ലായിരുന്നു. കോടതി അന്വേഷണം പ്രഖ്യാപിച്ചപ്പഴാണ് പീഠം കൈവശമുള്ളതായി തന്നെ വിളിച്ചു പറഞ്ഞതെന്നും ഉണ്ണികൃഷ്ണൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇപ്പോൾ ബെംഗളൂരുവിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി വ്യാഴാഴ്ചയാണ് പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. വിജിലൻസ് കണ്ടെത്തിയ പീഠം ദേവസ്വം ബോർഡിന്‍റെ തിരുവനന്തപുരം സ്ട്രോങ് റൂമിലേക്ക് മാറ്റി. നാലരവർഷം മുമ്പ് ശബരിമലയിൽ സമർപ്പിച്ച പീഠം കാണാതായിട്ടും എന്തുകൊണ്ട് ദേവസ്വം ബോർഡ് അന്വേഷിച്ചില്ല. വാസുദേവന് പീഠം കൈമാറിയെങ്കിൽ അത് എന്ത് കൊണ്ട് മഹസറിൽ രേഖപ്പെടുത്തിയില്ല. പത്ത് ദിവസം മുമ്പ് പീഠം കിട്ടിയിട്ടും എന്തുകൊണ്ടാണ് അത് ഒളിച്ചുവെക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞത് എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും സംശയങ്ങൾക്കും പീഠം കിട്ടിയിട്ടും ഉത്തരമില്ല.
Sabarimala gold pedestal missing|കാണാതായ പീഠമാണെന്ന് അറിയില്ലായിരുന്നു; സ്പോണ്‍സറുടെ സഹോദരി



