ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടന്നത്. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്‍റ് എ. പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്‍റെയും സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ അവധിക്കാലം കഴിഞ്ഞ് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിവച്ചു. ഹര്‍ജി എടുത്തപ്പോള്‍ തന്നെ കേസില്‍ പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് വിമര്‍ശനമുണ്ടല്ലോ എന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. നാല്‍പത് ദിവസമായി ജയിലില്‍ കഴിയുന്നു എന്നും ജാമ്യം അനുവദിക്കണമെന്നുമയിരുന്നു എ.ലപത്മകുമാറിന്‍റെ വാദം. നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.