ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഗോവര്ധൻ മുമ്പ് ശബരിമലയിൽ സമര്‍പ്പിച്ച പത്ത് പവൻ മാല ദേവസ്വം ബോര്‍ഡ് കണക്കിൽപ്പെടുത്തിയില്ല. 2021ൽ നൽകിയ മാല വിവാദങ്ങള്‍ക്കുശേഷമാണ് കണക്കിൽപ്പെടുത്തിയത്. ഇതിനിടെ ഗോവര്ധൻ ഹൈക്കോടതിയിൽ ജാമ്യ ഹര്‍ജി നൽകി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ബെല്ലാരിയിലെ ഗോവര്ധൻ മുമ്പ് ശബരിമലയിൽ സമര്‍പ്പിച്ച പത്ത് പവൻ മാല കണക്കിൽപ്പെടുത്താതെ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയതിന്റെ 'പ്രായശ്ചിത്തമായി' ഗോവര്ധൻ നൽകിയ പത്തു പവന്റെ മാലയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മഹസറിൽ രേഖപ്പെടുത്താതെ ശബരിമലയിൽ സൂക്ഷിച്ചത്. ഗുരുതര വീഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായത്. 2021ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് ഗോവര്ധൻ മാല കൈമാറിയത്. തുടര്‍ന്ന് ഉണ്ണികൃഷ്ണൻ പോറ്റിയാണ് മാല മാളികപ്പുറത്ത് സമര്‍പ്പിച്ചത്.
എന്നാൽ, സമര്‍പ്പിച്ച മാല ബോര്‍ഡ് മഹസറിൽ രേഖപ്പെടുത്തിയില്ല. കണക്കിൽപ്പെടാതെ ശബരിമലയിൽ സൂക്ഷിക്കുകയായിരുന്നു. സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കുശേഷമാണ് മാല മഹസറിൽ രേഖപ്പെടുത്തിയത്. ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയത് മനോവിഷമം ഉണ്ടാക്കിയെന്നും പ്രായിശ്ചിത്തം ചെയ്തുവെന്നും അറസ്റ്റിലായ ഗോവര്ധൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൽകിയ മാലയുമായി ബന്ധപ്പെട്ട വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നത്.
ജാമ്യ ഹര്‍ജിയുമായി ഗോവര്ധൻ ഹൈക്കോടതിയിൽ
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധൻ ജാമ്യ ഹര്‍ജി നൽകി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സ്വര്‍ണക്കവര്‍ച്ചയിൽ തനിക്ക് പങ്കില്ലെന്നാണ് ഹര്‍ജിയിലെ ഗോവര്‍ധന്റെ വാദം. അയ്യപ്പ ഭക്തനായ താൻ സ്വർണമായും പണമായും ശബരിമലയിലേക്കാണ് സംഭാവന നൽകിയത്. ഒരു കോടിയിലധികം രൂപ നൽകി. പാളികൾ സ്വർണം പൂശിയശേഷവും അന്നദാനത്തിനും പണം നൽകി. സ്വർണമാലയും സമർപ്പിച്ചു., ഇതിനുശേഷം തന്റെ കൈയിൽ നിന്ന് 80ലക്ഷം മൂല്യമുള്ള സ്വർണം എസ്ഐഠി ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഗോവർദ്ധൻ ഹര്‍ജിയിൽ പറയുന്നു. കണക്കുകളും ചെമ്പ് പാളിയുടെചിത്രങ്ങളും ഉൾപ്പെടെയാണ് ഗോവര്ധൻ ജാമ്യ ഹർജി നൽകിയത്.



