ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തു

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളിൽ മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയിൽ ആശ്വാസം. ഹർത്താൽ ദിനത്തിലുണ്ടായ അക്രമങ്ങളിൽ സുരേന്ദ്രനെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ഹർത്താൽ ആഹ്വാനം ചെയ്തതുകൊണ്ടുമാത്രം അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതാനാവില്ലെന്നും കേസിൽ സുരേന്ദ്രനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 2019 ജനുവരി 3 ന് ആലപ്പുഴ മാന്നാറിൽ നടന്ന അക്രമസംഭവങ്ങളിലാണ് സുരേന്ദ്രനെ ഒമ്പതാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. അന്ന് യാത്രക്കാരെ തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്നും വാഹനം തകർത്തുവെന്നുമാണ് കേസ്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുരേന്ദ്രൻ്റെ ഹർജിയിൽ ജസ്റ്റിസ് സി എസ് ഡയസാണ് തുടർ നടപടികൾ സ്റ്റേ ചെയ്തത്. കൃത്യമായ അന്വേഷണം നടത്താതെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം രാഷ്ട്രീയ പ്രേരിതമായി തന്നെ പ്രതിയാക്കിയെനാണ് സുരേന്ദ്രൻ്റെ ആരോപണം.

YouTube video player

കേസും വിശദാംശങ്ങളും

2018 സെപ്റ്റംബര്‍ 28 നാണ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനം വന്നത്. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ആദ്യഘട്ടത്തിൽ വിവിധ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും വിധിയെ സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീകൾ ദർശനത്തിനെത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കോടതി വിധിക്കെതിരെ പോരാടുമെന്ന് പന്തളം കൊട്ടാരം പ്രഖ്യാപിക്കുകയും അയ്യപ്പ ഭക്തരുടെ പ്രതിനിധികൾ നാമജപ ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തതോടെ സ്ഥിതി സങ്കീർണമായി. ബി ജെ പിയും ആർ എസ് എസും യുവതി പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച് സമരമുഖത്തേക്ക് എത്തിയതോടെ സാഹചര്യം സംഘർഷഭരിതമായി. ഒക്ടോബർ 18 ന് സന്നിധാനത്തേക്ക് രണ്ട് യുവതികളെ എത്തിക്കാനുള്ള ശ്രമം കൂടിയായതോടെ കലാപ കലുഷിതമായി. മോജോ ടി വി റിപ്പോർട്ടർ കവിത ജക്കാൽ, നടിയും കൊച്ചിയിലെ ബി എസ് എൻ എൽ ജീവനക്കാരിയുമായ രഹന ഫാത്തിമ എന്നിവരെ സന്നിധാനത്തേക്ക് എത്തിക്കാനായില്ല. എന്നാൽ 2019 ജനുവരി 2 ന് ശബരിമലയിൽ ദർശനം നടത്തിയതായി യുവതികളായ ബിന്ദുവും കനകദുർഗയും വെളിപ്പെടുത്തിയതോടെ വീണ്ടും സാഹചര്യം രൂക്ഷമായി. പതിനെട്ടാം പടി ഒഴിവാക്കിയാണു സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നും ഭക്തരില്‍നിന്ന് പ്രശ്നങ്ങളുണ്ടായില്ലെന്നും പൊലീസ് സംരക്ഷണം ലഭിച്ചെന്നും ഇരുവരും പറഞ്ഞു. രണ്ടു യുവതികളും ശബരിമലയിൽ ദർശനം നടത്തിയെന്നു സർക്കാരും സ്ഥിരീകരിച്ചതോടെ സംഘർഷം രൂക്ഷമായി. ശബരിമല യുവതീ പ്രവേശത്തെത്തുടർന്നു ബി ജെ പി പിന്തുണയോടെയുള്ള ശബരിമല കർമസമിതി ഹർത്താലിൽ കേരളം യുദ്ധക്കളമായി.