ഈ മാസം 7ന് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകിയെന്നും എസ് പി മോഹനചന്ദ്രന്റെ റിപ്പോർട്ടിൽ പറയുന്നു. കേസെടുക്കുന്നതിൽ കാലതാമസം വന്നിട്ടില്ല.
ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽപെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ കായംകുളം പോലീസിനെ സംരക്ഷിച്ച് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. പരാതി ലഭിച്ചയുടൻ കേസെടുത്തെന്നും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലെ വിശദീകരണം. കേസന്വേഷണം കായംകുളം എസ്എച്ച്ഓയിൽ നിന്ന് കായംകുളം ഡിവൈഎസ്പിക്ക് കൈമാറി.
ഏപ്രിൽ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തിൽ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. സംഭവത്തിൽ പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള യുവതിയുടെ പരാതി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. പിന്നാലെ ഡിജിപി ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോട് റിപ്പോർട്ട് തേടുകയായിരുന്നു. എന്നാൽ കേസ് എടുക്കുന്നതിലും തുടർ നടപടികളിലും കായംകുളം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതി സിനിൽ സബാദിനെതിരെ ചുമത്തിയ വകുപ്പുകൾ ഏഴു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങൾ ആയതിനാലാണ് നോട്ടീസ് നൽകി വിട്ടയച്ചതെന്നാണ് വിശദീകരണം.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ചൊവ്വാഴ്ച്ച തന്നെ കോടതിയിൽ അപേക്ഷ നൽകിയിരുന്നെന്നും കോടതിയിൽ പെന്റിങ്ങ് ആണെന്നും പോലിസ് വിശദീകരിക്കുന്നു. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. കായംകുളം എസ്എച്ച്ഓയ്‌ക്കെതിരെ പരാതിക്കാരി ആക്ഷേപം ഉയർത്തിയ സാഹചര്യത്തിൽ അന്വേഷണചുമതല കായംകുളം dysp ക്ക് കൈമാറി. എറണാകുളം ഡിഐജി അരുൺ ബി.കൃഷ്‌ണയുടെ നിർദേശപ്രകാരമാണ് തീരുമാനം. പോലിസ് നോട്ടീസ് നൽകി വിട്ടയച്ച സിനിൽ സബാദിനെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പന്റെ ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ കായംകുളം യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു സിനിൽ സബാദ്.



