ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ ഫിലിപ്പ് മമ്പാടിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത്. പോലീസ് ഐ ഡി കാണിച്ചാണ് കാഞ്ഞങ്ങാട് ഹോട്ടലിൽ റൂം എടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ വീട്ടിൽ പോയി ഫിലിപ്പ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും അതീവ ഗുരുതരമായ കുറ്റകൃത്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടി തന്നെ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതാണ്. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണ്. ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസമാണ് മോട്ടിവേഷ്ണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ ഫിലിപ് മാമ്പാട് പോക്സോ കേസിൽ അറസ്റ്റിലായത്. പതിനാറുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ നിലമ്പൂര്‍ പൊലീസാണ് അറസ്റ്റു രേഖപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
പെൺകുട്ടിയുടെ രക്ഷിതാക്കൾ കൗൺസിലിങ്ങിനായി ഫിലിപ്പ് മാമ്പാടിനെ ആശ്രയിച്ചിരുന്നു. ഇടക്കാലത്ത് രക്ഷിതാക്കളുടെ സമ്മതത്തോടുകൂടി പെൺകുട്ടി താമസിച്ചിരുന്നത് ഫിലിപ്പിൻ്റെ സംരക്ഷണയിലാണ്. ഇതിനിടെ, പെൺകുട്ടിയുടെ രക്ഷിതാക്കൾ അറിയാതെ, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊണ്ടുപോയി ഉപദ്രവിച്ചു എന്നാണ് പരാതി. 2025 സെപ്റ്റംബര്‍ മൂന്ന് , നാല് തീയതികളിലാണ് കേസിന് ആധാരമായ സംഭവം. രക്ഷിതാക്കളുടെ അറിവില്ലാതെ അതിജീവതയെ കൊണ്ടുപോയി, പീഡനം, പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആര്‍. കേരള പൊലീസിൽ സബ് ഇൻസ്പെക്ടര്‍ ആയിരിക്കെയാണ് ഫിലിപ്പ് മമ്പാട് സ്വയം വിരമിച്ചത്. പിന്നാലെ, മോട്ടിവേഷൻ, കൗൺസിലിങ് മേഖലയിൽ സജീവമായി. അതിനിടെയാണ് പോക്സോ കേസിൽ പ്രതിയാകുന്നത്.

