തിരുവനന്തപുരം മൃഗശാലയിലെ പുതിയ താരങ്ങളാണ് സിംബയും സൂരിയും എന്ന സിംഹക്കുട്ടികൾ. ആരോഗ്യ പ്രശ്നങ്ങളാൽ അമ്മ ഉപേക്ഷിച്ച ഇവരെ മൃഗശാലാ ജീവനക്കാർ പ്രത്യേക പരിചരണം നൽകി രക്ഷിച്ചെടുക്കുകയായിരുന്നു. എട്ടു മാസം പ്രായമാകുമ്പോൾ സന്ദർശകർക്ക് ഇവരെ കാണാനാകും.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ നിലവിലെ രണ്ട് വിഐപികളെ പരിചയപ്പെടാം. സിംബയും സൂരിയും. പ്രത്യേക കൂടും പരിചരണവുമെല്ലാം കിട്ടുന്ന ആ രണ്ട് പേർ ആരൊക്കെയാണെന്ന് അറിയാം.

കുറുമ്പു കാട്ടി നടക്കുകയാണ് സിംബയും സൂരിയും. മൂന്നു മാസം പ്രായമുളള സിംഹക്കുട്ടികൾ. വാശിക്കാരൻ സിംബ. വിട്ടുകൊടുക്കാത്തവൾ സൂരി. കഴിഞ്ഞ ജനുവരി 21ന് നൈലയ്ക്കും ലിയോയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് പിറന്നത്. ബാക്കിയായത് സിംബയും സൂരിയുമാണ്.

ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു രണ്ടു പേർക്കും. അതുകൊണ്ട് അമ്മ നൈല അവരെ അവഗണിച്ചു. നില നാൾക്കുനാൾ മോശമായതോടെ മൃഗശാലയിലെ ജീവനക്കാർ രാവും പകലും കണ്ണിമചിമ്മാതെ സിംഹക്കുഞ്ഞുങ്ങൾക്ക് കാവലിരുന്നു. അത് ഫലം കണ്ടു. ഇരുവരും ഉഷാറായി.

മൂർച്ചയുളള പല്ലും നഖവും വന്നു. ആഹാര രീതികൾ മാറി. സിംബയും സൂരിയും വീറുളളവരാവുകയാണ്. മൂന്നു മാസം കുടി കഴിഞ്ഞാൽ ഇരുവരെയും പുതിയ കൂടുകളിലേക്ക് മാറ്റും. 8 മാസം തികഞ്ഞാൽ സിംബയെയും സൂരിയെയും സന്ദർശകർക്കും കാണാം.