ജനറൽ നരവനെയുടെ പുസ്തകം പുറത്തുവന്നത് എങ്ങനെ എന്നതിൽ വിവാദം കത്തുന്നതിനിടെ വീണ്ടും വിശദീകരണവുമായി പ്രസാധകരായ പെൻഗ്വിൻ ബുക്സ്. പ്രീ ഓര്‍ഡര്‍ എന്ന് പറഞ്ഞാൽ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നല്ല അര്‍ത്ഥമെന്നും പെൻഗ്വിൻ

ദില്ലി: ജനറൽ നരവനെയുടെ പുസ്തകം പുറത്തുവന്നത് എങ്ങനെ എന്നതിൽ വിവാദം കത്തുന്നതിനിടെ വീണ്ടും വിശദീകരണവുമായി പ്രസാധകരായ പെൻഗ്വിൻ ബുക്സ്. രാഹുല്‍ ഗാന്ധിയുടെ വാദം തള്ളിയാണ് പെൻഗ്വിൻ ബുക്സിന്‍റെ വിശദീകരണം. പ്രസിദ്ധീകരിച്ച പുസ്തകവും പ്രീ ഓര്‍ഡറും ഒന്നല്ലെന്നും പ്രീ ഓര്‍ഡര്‍ എന്ന് പറഞ്ഞാൽ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നല്ല അര്‍ത്ഥമെന്നും പെൻഗ്വിൻ വ്യക്തമാക്കി. പുസ്തകത്തിന്‍റെ കാര്യത്തിൽ സുതാര്യമായ നിലപാടാണുള്ളതെന്നും പെൻഗ്വിൻ അറിയിച്ചു. കേന്ദ്രപ്രതിരോധ മന്ത്രാലയം അനുമതി നൽകാത്ത പുസ്തകത്തിന്‍റെ പകർപ്പ് പുറത്ത് വന്നതിൽ ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ അന്വേഷണം തുടങ്ങിയിരുന്നു. പകർപ്പുകൾ പുറത്തുവന്നതിൽ ആസൂത്രിതശ്രമമുണ്ടായി എന്നാണ് സെപ്ഷ്യൽ സെൽ വ്യക്തമാക്കുന്നത്. ചൈനീസ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയം രാഹുൽ പരാമർശിച്ചതിന് പിന്നാലെയാണ് ഇതിന്‍റെ പിഡിഎഫ് വ്യാപകമായി പ്രചരിച്ചത്. കൂടാതെ പുസ്തകത്തിന്‍റെ പകർപ്പുമായി രാഹുൽ സഭയിലും എത്തി. 

പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽപോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്ക്സ് വിശദീകരണം. പ്രസാധകർ പുസ്തകം പുറത്തിറക്കിയിട്ടില്ലെന്ന് പറയുമ്പോൾ രാഹുൽ ഏത് പുസ്തകമാണ് ഉയർത്തിയതെന്ന് വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി വേണമെന്നും ബിജെപി എംപി നിഷികാന്ത് ദുബേ ആവശ്യപ്പെട്ടു. എന്നാൽ, 2023ൽ പുസ്തകം ആമസോണിൽ നിന്ന് വാങ്ങാമെന്ന് കാട്ടി നരവനെ നൽകിയ എക്സ് കുറിപ്പാണ് കോൺഗ്രസ് ആയുധമാക്കുന്നത്. നരവനെയാണോ ആമസോണാണോ കള്ളം പറയുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

 നരവനേ പുസ്തകം വാങ്ങാമെന്ന് പറഞ്ഞ് നേരത്തെ എക്സിൽ കുറിച്ചിരുന്നുവെന്നും താൻ നരവനെയെ വിശ്വസിക്കുന്നുവെന്നുമായിരുന്നു രാഹുലിന്‍റെ വിശദീകരണം.പുസ്തകം ആമസോണിൽ നിന്ന് വാങ്ങിയതാണെന്നാണ് കെസി വേണുഗോപാലിന്‍റെ പ്രതികരണം. എന്നാൽ, പുസ്തകം ഇറങ്ങുന്നതിന് മുൻപുള്ള പ്രീ ഓർഡർ പരസ്യമാണ് ട്വീറ്റിൽ പ്രസാധകർ നൽകിയത്. ഇതാണ് നരവനെ പങ്കുവച്ചത്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രീഓർഡർ പിന്നീട് റദ്ദാക്കിയെന്നാണ് വിവരം. വിവാദം തുടരുന്നതിനിടെയാണ് വീണ്ടും വിശദീകരണവുമായി പെൻഗ്വിൻ ബുക്സ് രംഗത്തെത്തിയത്.

YouTube video player